കണ്ണൂരിലെ അക്രമങ്ങള്‍ ക്രിമിനലിസം മാത്രം –പി. സുരേന്ദ്രന്‍

കണ്ണൂര്‍: കണ്ണൂരിലെ അക്രമങ്ങള്‍ക്ക് രാഷ്ട്രീയവും ആദര്‍ശവുമായി ഒരു ബന്ധവുമില്ളെന്നും പൂര്‍ണമായും ക്രിമിനലിസം മാത്രമാണിതെന്നും എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍. കണ്ണൂരില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റവാളികളെ പിന്തുണക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രിമിനലുകളെ കൂടെ കൂട്ടാതെ അധികാരത്തില്‍ കയറാന്‍ പറ്റില്ളെന്നതിനാലാണ് ഇതിന് ശ്രമിക്കുന്നത്. തുടക്കത്തില്‍ മാത്രമാണ് ഇത്തരം അക്രമങ്ങള്‍ക്ക് രാഷ്ട്രീയ മുഖം ഉണ്ടാവുക. അഫ്ഗാനിസ്താനില്‍ താലിബാന്‍െറ അവസ്ഥ ഇപ്പോഴെന്താണ്. അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനില്‍പെന്ന നിലയിലാണ് താലിബാന്‍ രൂപം കൊള്ളുന്നത്. പിന്നീട് ആയുധക്കടത്തിന്‍െറയും മയക്കുമരുന്ന് കടത്തിന്‍െറയും അക്രമത്തിന്‍െറയും സംഘമായി മാറി. ഇത്തരം അക്രമങ്ങള്‍ പതുക്കെപ്പതുക്കെ വലിയ തോതിലുള്ള അധോലോകമായി മാറും.  

ജനാധിപത്യത്തിനൊപ്പമാണെന്ന് പറയുകയും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ശരിയല്ല. അവര്‍ ജനാധിപത്യത്തിനൊപ്പമല്ല. 99 ശതമാനം സത്യമെന്ന് ഒരു സത്യമില്ല, ശരിയോ നുണയോ മാത്രമേയുള്ളു. ഇക്കൂട്ടര്‍ പറയുന്നത് നുണയാണ്. ക്രിമിനലുകള്‍ രാഷ്ട്രീയക്കാരല്ല. കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്ന  വലിയ നേതാവുണ്ടെങ്കില്‍ അയാള്‍ നേതാവല്ല, ക്രിമിനലാണ്. ഇത്തരക്കാരെ ജയിലിലടക്കുകയാണ് വേണ്ടത്. കേരളം രൂപവത്കരിച്ചിട്ട് 60 വര്‍ഷമായെങ്കിലും  ഇപ്പോഴും തീരാത്ത മുറിവാണ് കണ്ണൂരിലേത്. എല്ലാ അക്രമങ്ങള്‍ക്കും രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നിരുപാധിക പിന്തുണയുണ്ട്. കേരളം ഒരു ഗ്യാങ്വാറിലേക്ക് പോകുമ്പോഴുണ്ടാകുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്.

അക്രമങ്ങളെയും രക്തസാക്ഷികളെയും ആദര്‍ശവത്കരിക്കുന്നതിന് താന്‍ എതിരാണെന്നും അദ്ദേഹം പറഞ്ഞു. കത്തി ഉപയോഗിച്ചല്ല രാഷ്ട്രീയം വളര്‍ത്തേണ്ടത്. ജനാധിപത്യത്തിലൂടെയാണ് ഫൈറ്റ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. രാജന്‍ കോരമ്പത്തേ്, സി. ശശി, എടക്കാട് പ്രേമരാജന്‍, സുനില്‍കുമാര്‍ തളിപ്പറമ്പ്, മേരി എബ്രഹാം, ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.  സണ്ണി അമ്പാട്ട് സ്വാഗതം പറഞ്ഞു.

 

Tags:    
News Summary - kannur violence is mere criminalism- p surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.