തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്‍റെ രണ്ട് മണിക്കൂർ 40 മിനിട്ട് നീണ്ട ബജറ്റ് അവതരണത്തിൽ കഥകളും കവിതകളും നോവലുകളും നാടക ഗാനങ്ങളും ഇടംപിടിച്ചു. ബജറ്റിൽ ഒാഖി ദുരന്തത്തിൽപ്പെട്ട തീരദേശ മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചപ്പോഴാണ് ആദ്യ കവിത തോമസ് ഐസക് ചൊല്ലിയത്. "കടലമ്മ താൻ മാറിൽ കളിച്ചുവളർന്നവർ, കരുത്തർ ഉയിർത്തെഴുന്നേൽക്കുന്നു വീണ്ടും, ഞങ്ങൾ" എന്ന സുഗതകുമാരിയുടെ കവിതിയിലെ വരികളാണ് ചൊല്ലിയത്. കടലും കാറ്റും തീരത്തിന് ഉയിർ നൽകുന്നവരാണെന്ന് കവിതയിൽ സുഗതകുമാരി ചൂണ്ടിക്കാട്ടുന്നു. ആലോചനാ രഹിതമായ മനുഷ്യ ഇടപെടൽ കാരണം പ്രകൃതിയെ മഹാമൃത്യുരക്ഷസായി മാറ്റിയിരിക്കുകയാണ്. കെടുതി വിതച്ച് അലറുകയാണ് കാറ്റും കടലും. പക്ഷേ, തീരം തളരില്ലെന്നും ധന മന്ത്രി ബജറ്റ് വായനയിൽ വിശദമാക്കുന്നു.
സ്ത്രീകളുടെ ജീവിതത്തെ പരാമർശിക്കുന്ന ഇടത്താണ് പുലാപ്പറ്റ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി എൻ.പി സ്നേഹയുടെ കവിത ധനമന്ത്രി ഉൾപ്പെടുത്തിയത്. "കെമിസ്ട്രി സാറാണ് പറഞ്ഞത്/ അടുക്കള ഒരു കെമിസ്ട്രി ലാബാണെന്ന്/പരീക്ഷിച്ചു നിരീക്ഷിച്ചു നിന്നപ്പോഴാണ് കണ്ടത്/ വെളുപ്പിനുണർന്ന്/ പുകഞ്ഞ് പുകഞ്ഞ്/ തനിയെ സ്റ്റാർട്ടാകുന്ന/ കരിപുരണ്ട/ കേടുവന്ന/ ഒരു മെഷീൻ/ അവിടെയെന്നും/ സോഡിയം ക്ലോറൈഡ് ലായിനി/ ഉൽപാദിപ്പിക്കുണ്ടെന്ന്!". സ്കൂൾ കലോത്സവത്തിൽ കവിതാരചനക്കായി ലഭിച്ച 'അടുക്കള' എന്ന വിഷയത്തിലാണ് സ്നേഹ ഈ മനോഹര കവിത എഴുതിയത്.
അഗതികളും അനാഥരുമായി ജീവിക്കുന്നവർക്ക് വേണ്ടിയുള്ള വിശപ്പുരഹിത കേരളം പദ്ധതിക്ക് 20 കോടി വകയിരുത്തിയത് ബജറ്റിൽ പ്രഖ്യാപിച്ചപ്പോഴാണ് ലളിതാംബിക അന്തർജനത്തിന്‍റെ 'സാവിത്രി അഥവാ വിധവാ വിവാഹം' എന്ന പ്രശസ്ത നാടകത്തിലെ കഥാപാത്രം പാടുന്ന പാട്ട് മന്ത്രി ഐസക് ഉദ്ധരിച്ചത്. "പാണിയിൽ തുഴയില്ല, തോണിയിൽ തുണിയില്ല/ ക്ഷോണിയിലൊരു ലക്ഷ്യവുമറിയുകയില്ല" എന്നതായിരുന്നു നാടക ഗാനത്തിലെ ഈരടികൾ.
ലൈഫ് പാർപ്പിട പദ്ധതിയെ കുറിച്ചു പറയവെ സാറാ ജോസഫിന്‍റെ 'മറ്റാത്തി' എന്ന നോവലിലെ സ്വപ്നങ്ങളുടെ കണക്കെഴുതി ഡയറിയുമായി ജീവിക്കുന്ന ഒരു അച്ഛനെ കുറിച്ചുള്ള വരികൾ മന്ത്രി ഉദ്ധരിച്ചു. "അതിൽ ഒരെണ്ണം 100 ശതമാനം പാർപ്പിടമെന്ന അതിമോഹനമാണ്. അതും നോക്കി നെടുവീർപ്പെടുന്നത് ഒന്നും രണ്ടും തവണയല്ല. നെടുവീർപ്പുകൾ സ്വപ്നത്തെ യാഥാർഥ്യമാക്കാൻ സഹായിക്കുമെന്ന് അച്ഛൻ ഉറച്ചു വിശ്വസിക്കുന്നു"-നോവൽ വിവരിക്കുന്നു.
പള്ളികൂടങ്ങൾ ലോക നിരവാരത്തിലേക്ക് ഉയരുന്നതിനെ കുറിച്ചുള്ള വിശദീകരണത്തിന് ഇന്ദുമേനോന്‍റെ 'കപ്പലിനെകുറിച്ചൊരു വിചിത്ര ജീവിതം' എന്ന നോവലിനെയാണ് പിന്നീട് ഐസക് കൂട്ടുപിടിച്ചത്. "വലിയ പാടത്തിന് നടുവിൽ ഉണ്ട നക്ഷത്ര കണ്ണുകളുള്ള നെല്ലിമരങ്ങളുടെയും അഹങ്കാരി പറങ്കി മരങ്ങളുടെയും ചക്കരക്കുട്ടി നാട്ടുമാവുകളുടെയും ഇടയിൽ പഴയ ഒാടുപാവിയ മേൽക്കൂരയും സിമന്‍റ് തേക്കാത്ത ചെങ്കൽ ചുവരുകളുമുള്ള ഒരു ഗ്രാമീണ സ്കൂളുകളെ" കുറിച്ചാണ് ഇന്ദുമേനോെൻറ വരികൾ.
സാവിത്രി രാജീവന്‍റെ കവിതാ ശകലങ്ങളെടുത്ത് സാമൂഹ്യ സുരക്ഷാ പെൻഷനെ കുറിച്ചും ക്ഷേമപെൻഷനെ കുറിച്ചും മന്ത്രി ബജറ്റിൽ പരാമർശിക്കുന്നു. "ഇരുൾ വിളയുന്ന രാത്രിയിൽ, ദുഃസ്വപ്നങ്ങൾ കീറാത്ത പുതപ്പാരു തരുമെന്നാണ്" കവിയത്രി ചോദിക്കുന്നത്. വാർധക്യത്തിൽ ശിഷ്ടജീവിതം ദുഃസ്വപ്നമായി കഴിയുന്നവർക്ക് ആശ്വാസം പകരാൻ സാധിച്ചില്ലെങ്കിൽ നാം ഒരു സാമൂഹമാണെന്ന് പറയുന്നതിൽ അർഥമില്ലെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തടയാൻ ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികൾക്ക് ഫണ്ട് വകയിരുത്തിയതിനും മന്ത്രി കവിതയെ കൂട്ടുപിടിച്ചു. വിജയലക്ഷ്മിയുടെ 'പച്ച' എന്ന കവിതയിൽ "ഇടിമിന്നലിന്‍റെ വേരു തിന്ന്, പ്രളയത്തോളം മഴ കുടിച്ച്" കരുത്തു നേടണമെന്നാണ് പെൺകുട്ടിയോട് ആഹ്വാനം ചെയ്യുന്നത്. നാം "മണ്ണാങ്കട്ടയോ കരിയിലയോ ആവുകയില്ലെന്നും കാശിക്ക് പോവുകില്ലെ"ന്നുമുള്ള ആധുനിക സ്ത്രീയുടെ വീര്യം കൺതുറന്നു കാണുകയാണെന്ന് ബജറ്റ് അവതരണത്തിൽ പറയുന്നു.
1948ൽ നമ്പൂതിരി സമുദായത്തിൽ സ്ത്രീ വിമോചനത്തിന്‍റെ കാഹളം മുഴക്കിയ നാടകം 'തൊഴിൽ കേന്ദ്രത്തിലേക്ക്' പരാമർശിച്ചാണ് കുടുംബശ്രീയെ കുറിച്ച് ബജറ്റിൽ വിവരിക്കുന്നത്. സ്ത്രീകൾ രചിച്ച് സ്ത്രീകൾ അവതരിപ്പിച്ച നാടകത്തിലെ കഥാപാത്രമായ ദേവകി "പടയൊരുങ്ങുകയായ്, അടുക്കളയ്ക്കകത്താണി പടയൊരുക്കം" എന്നാണ് പാടുന്നത്. "ഞങ്ങൾ സ്ത്രീകൾ ഒറ്റക്ക് ഒരു നേട്ടവും കൈവരിക്കാറില്ല. ഞങ്ങളുടെ ജീവിതങ്ങൾ ഒരു ചങ്ങല പോലെ പിണഞ്ഞു കിടക്കുന്നു. ഒരാൾ എന്നോ തുടങ്ങിവച്ചത് മറ്റൊരാൾ മറ്റൊരിക്കൽ പൂർത്തിയാക്കുന്നു."- എന്ന് കെ.ആർ. മീരയുടെ ആരാച്ചാരിലെ നായിക പറയുന്നുണ്ട്.
അവസരം കിട്ടുമ്പോഴൊക്കെ ബാഗ് നിറച്ച് പോകാൻ കഴിയുന്ന ഇടങ്ങളിലൊക്കെ പോയി, കാണാൻ തോന്നിയ കാഴ്ചകളെ തേടി അലഞ്ഞു, ഇന്ത്യയുടെ മിടിപ്പുകൾക്ക് കാതോർത്തു, എഴുതാൻ കഴിഞ്ഞതൊക്കെ എഴുതി" എന്ന കെ.എ ബീനയുടെ 'നദി തിന്നുന്ന ദ്വീപ്' എന്ന യാത്രാകുറിപ്പിലെ വരികളിലൂടെയാണ് വിനോദ സഞ്ചാരത്തെ കുറിച്ച് ധനമന്ത്രി വിവരിച്ചത്.
"നിന്‍റമ്മയെ ഞാൻ കുറെ പഠിപ്പിച്ചു, എന്നിട്ടെന്തുണ്ടായി? പെൻസിലു പിടിക്കാൻ കൂടി ഒാള് മറന്നിട്ടുണ്ടാകും" രാജലക്ഷ്മിയുടെ രചനയിലെ വാക്കുകളെടുത്താണ് സ്ത്രീകളെ പഠിപ്പിച്ചിട്ട് കാര്യമില്ലെന്ന പഴയകാല ചിന്തയെ തോമസ് ഐസക് തള്ളിപറയുന്നത്.
പ്രവാസികളെയും ലോക കേരള സഭയെയും കുറിച്ച് വിവരിക്കുന്നിടത്ത് ഖദീജ മുംതാസിന്‍റെ ബർസയിലെ നായിക സബിതയുടെ ഒാർമകൾ വിവരിക്കുന്നത്. "ഇടവഴിയും വാഴത്തോപ്പുകളും തെങ്ങുകയറ്റത്തിന്‍റെ ആർപ്പും കുത്തിയൊഴുകുന്ന തോടിന്‍റെ കുശലം പറച്ചിലും കേരള ക്വയർ ബസിലെ കോളജ് യാത്രകളും ഇനിയൊരിക്കലും തിരികെ പിടിക്കാനാവാത്ത വിദൂരസ്മൃതികളാണോ" എന്നാണ് സബിത സ്വന്തം നാടിനെ കുറിച്ചുള്ള ഒാർമകളിൽ പങ്കുവെക്കുന്നത്.
ബാലാമണിയമ്മയുടെ "നവകേരളം" എന്ന കവിതയിലെ വരികളായ
"വന്നുദിക്കുന്നു ഭാവനയിങ്ക-
ലിന്നൊരു നവലോകം
വിസ്ഫുരിക്കുന്നു ഭാവനയിലാ-
വിജ്ഞമാനിതം കേരളം" ഉദ്ധരിച്ച് ഒരു നവകേരള സൃഷ്ടി സ്വപ്നം കണ്ടാണ് മന്ത്രി തോമസ് ഐസക് തന്‍റെ ബജറ്റ് അവതരണം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.