കോഴിക്കോട്: അക്ഷരലോകത്ത് മുപ്പതാണ്ട് പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് മാധ്യമം ലിറ്റ് ഫെസ്റ്റ് നടത്തും. മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ തിരൂര്‍ തുഞ്ചന്‍പറമ്പിലാണ് സാഹിത്യോത്സവം. ‘ആവിഷ്കാരത്തിന്‍െറ ശബ്ദങ്ങള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന രണ്ടു ദിവസത്തെ പരിപാടിയില്‍ ആശയപ്രകാശനവും ആവിഷ്കാരവും നേരിടുന്ന പ്രശ്നങ്ങളും പ്രതിരോധവും ചര്‍ച്ച ചെയ്യുമെന്ന് മാധ്യമം- മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് നാലിന് രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യുന്ന സാഹിത്യോത്സവത്തില്‍ രാജ്യത്തെ മുന്‍നിര എഴുത്തുകാരും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകരും സംബന്ധിക്കും. പൊരുതുന്ന കാമ്പസ്, മലയാളത്തിന്‍െറ മലപ്പുറം, പുതു തലമുറ: എഴുത്തും രാഷ്ട്രീയവും, ആവിഷ്കാര സ്വാതന്ത്ര്യം, മലയാളികളുടെ പ്രവാസവും സാഹിത്യവും, സിനിമ- സാഹിത്യം- പെണ്‍പോരാട്ടങ്ങള്‍, ആത്മീയതയും സാഹിത്യവും, കേരളത്തിന്‍െറ പാട്ടുപാരമ്പ ര്യം തുടങ്ങിയ സെഷനുകളുണ്ടാവും.
എം.ടി. വാസുദേവന്‍ നായര്‍, ചന്ദ്രശേഖര കമ്പാര്‍, ടി. പത്മനാഭന്‍, സച്ചിദാനന്ദന്‍, സക്കറിയ, എം. മുകുന്ദന്‍, സി. രാധാകൃഷ്ണന്‍, യു.എ. ഖാദര്‍, അക്കിത്തം, എം. ലീലാവതി, സാറാജോസഫ്, അനിത നായര്‍, കെ.ജി. ശങ്കരപ്പിള്ള, അടൂര്‍ ഗോപാലകൃഷ്ണന്‍, നടന്‍ മധു, കെ.ആര്‍. മീര, കെ.പി. രാമനുണ്ണി, ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍, ടി.ഡി. രാമകൃഷ്ണന്‍, ഹുംറ ഖുറൈശി, ഡോ. എം.എച്ച്. ഇല്യാസ്, ഹിബ അഹ്മദ്, രാഹുല്‍ സോന്‍പിംബ്ളേ പുനറാം, സുദീപ് ദോ മണ്ഡല്‍, മനു ചക്രവര്‍ത്തി, സി.വി. ബാലകൃഷ്ണന്‍, ഭാഗ്യലക്ഷ്മി തുടങ്ങി നൂറോളം പ്രതിഭകള്‍ മേളയില്‍ പങ്കെടുക്കും. എഴുത്തുകാരുടെ രചനാനുഭവങ്ങളും പ്രശസ്ത കവികളുടെ കവിയരങ്ങും ഇതോടൊപ്പമുണ്ടാകും. നാലിന് വൈകീട്ട് ഷഹബാസ് അമന്‍െറ ഗസല്‍ സന്ധ്യയും അരങ്ങേറും.
സമാപനദിനത്തില്‍ മലയാളത്തിന്‍െറ മുതിര്‍ന്ന കലാ-സാഹിത്യ പ്രതിഭകളെ ആദരിക്കും. ലിറ്റ് ഫെസ്റ്റിന്‍െറ മുന്നോടിയായി ആവിഷ്കാരത്തിന്‍െറ ശബ്ദങ്ങള്‍ എന്ന പ്രമേയത്തില്‍ കാമ്പസ് കാരവന്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ കാമ്പസുകളില്‍ പര്യടനം നടത്തും. കാരവന്‍ ഫെബ്രുവരി 14ന് പാലക്കാട് ജില്ലയിലെ തസ്രാക്കില്‍നിന്ന് ആരംഭിച്ച് 18ന് തുഞ്ചന്‍പറമ്പില്‍ സമാപിക്കും.
മാധ്യമം എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം, എഡിറ്റോറിയല്‍ റിലേഷന്‍സ് ഡയറക്ടര്‍ പി.കെ. പാറക്കടവ്, അഡ്മിനിസ്ട്രേറ്റിവ് വിഭാഗം ജനറല്‍ മാനേജര്‍ കളത്തില്‍ ഫാറൂഖ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.