തിരുവനന്തപുരം: എഴുത്തിെൻറയും സാംസ്കാരിക ജീവിതത്തിെൻറയും തീവ്രരാഷ്ട്രീയത്തെ ഗഹനമായ മൗനത്തിലൂടെ അനുഭവിപ്പിച്ച എഴുത്തുകാരൻ എം. സുകുമാരൻ (75) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.‘ശേഷക്രിയ’, ‘മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ’, ‘ജനിതകം’, ‘ചുവന്ന ചിഹ്നങ്ങൾ’, ‘പിതൃതർപ്പണം’ എന്നിവയാണ് പ്രമുഖ കൃതികൾ.
എഴുത്തിലും വ്യക്തിജീവിതത്തിലും പുലർത്തിയ രാഷ്ട്രീയബോധവും സത്യസന്ധതയുമാണ് സുകുമാരനെ ആധുനികതയിലെ വേറിട്ട സാന്നിധ്യമാക്കിയത്. രാഷ്ട്രീയ നിലപാടിെൻറ പേരിൽ രാഷ്ട്രപതി നേരിട്ട് ഇടപെട്ട് പിരിച്ചുവിട്ട ആദ്യത്തെ കേന്ദ്രസർക്കാർ ജീവനക്കാരനാണ് സുകുമാരൻ. ആൾക്കൂട്ടത്തിൽനിന്നൊഴിഞ്ഞും അംഗീകാരങ്ങളിൽനിന്ന് അകലം പാലിച്ചും ജീവിച്ച അദ്ദേഹത്തിെൻറ ഏകാന്തജീവിതം പോലും കേരളീയ സാംസ്കാരികമേഖലയിൽ വൻ സ്വാധീനം ചെലുത്തി.
1943ൽ പാലക്കാട് ചിറ്റൂരിലാണ് ജനനം. പിതാവ് നാരായണ മന്നാടിയാർ. മാതാവ്: മീനാക്ഷിയമ്മ. 1963 മുതൽ തിരുവനന്തപുരം അക്കൗണ്ടൻറ് ജനറൽ ഒാഫിസിൽ ക്ലർക്കായിരുന്നു. 1974ൽ ട്രേഡ് യൂനിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവിസിൽനിന്ന് പിരിച്ചുവിട്ടു. ‘മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ’ക്ക് 1976ലും ‘ജനിതക’ത്തിന് 1997ലും സമഗ്ര സംഭാവനക്ക് 2004ലും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു.
1981ൽ മികച്ച കഥക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (ശേഷക്രിയ). 1995ൽ ‘കഴക’ത്തിനും ഇതേ പുരസ്കാരം ലഭിച്ചു. 1992ൽ ‘പിതൃതർപ്പണത്തി’ന് മികച്ച കഥക്കുള്ള പത്മരാജൻ പുരസ്കാരം. ‘ചുവന്ന ചിഹ്നങ്ങൾ’ എന്ന കഥാസമാഹാരം 2006ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹമായി. എഴുത്തിന് അസ്വസ്ഥതകളേ നൽകാനാകൂ എന്ന് പ്രഖ്യാപിച്ച് 1982ൽ എഴുത്തുനിർത്തിയ അദ്ദേഹം ഒരു ദശകത്തോളം നീണ്ട മൗനം ഭഞ്ജിച്ചാണ് വീണ്ടും ‘പിതൃതർപ്പണ’ത്തിലൂടെ തിരിച്ചെത്തിയത്.
അടിയന്തരാവസ്ഥക്കാലത്ത് ‘ഉദയം കാണാൻ കാത്തിരുന്നവർ’ എന്ന കഥ എഴുതിയതിന് പൊലീസ് നിരീക്ഷണത്തിലായി.‘പിതൃതർപ്പണം’, ‘സംഘഗാനം’, ‘ഉണർത്തുപാട്ട്’, ‘ശേഷക്രിയ’ തുടങ്ങിയ രചനകൾ സിനിമയായി. ഭാര്യ: മീനാക്ഷി, മകൾ: രജനി മന്നാഡിയാർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.