എഴുത്തിനെതിരെ വെല്ലുവിളി ഉയരുന്നു –എന്‍.എസ്. മാധവന്‍

തൃശൂര്‍: സ്വസ്ഥമായ എഴുത്തിനെതിരെ വെല്ലുവിളി ഉയരുകയാണെന്ന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ജീവിതത്തിന്‍െറ എല്ലാ മേഖലയേയും തകര്‍ക്കുന്ന തീരുമാനങ്ങളുണ്ടാകുമ്പോള്‍ ഏകാന്തരായ എഴുത്തുകാര്‍പോലും പ്രതികരിച്ചുപോകുമെന്നും അദ്ദേഹം പറഞ്ഞു. എം.ടി. വാസുദേവന്‍ നായര്‍ക്ക് പിന്തുണയര്‍പ്പിക്കാന്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തില്‍ സംസ്കാര സാഹിതിയും വിചാര്‍ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എം.ടിക്കെതിരെയുള്ള ബി.ജെ.പിയുടെ പ്രതിഷേധം എഴുത്തുകാരന്‍െറ അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. അഭിപ്രായം പറയുന്ന വ്യക്തിയെ ഹനിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന കുതന്ത്രമാണവര്‍ പയറ്റുന്നത്. അഭിപ്രായ രൂപവത്കരണത്തോടുള്ള ഭയമാണിതിന് പിറകില്‍. എം.ടി ഒരിക്കലും കാരുണ്യരഹിതമായി പ്രതികരിക്കുന്നയാളല്ല. സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളില്‍ പ്രതികരിക്കുന്നില്ളെന്നായിരുന്നു എം.ടിക്കെതിരെ നേരത്തെ ഉയര്‍ത്തിയ വാദം. മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരെ കടന്നാക്രമണം ഉണ്ടായപ്പോള്‍ അത് രാജ്യം മുഴുവന്‍ അറിഞ്ഞത് എം.ടിയുടെ പ്രതികരണത്തിലൂടെയാണ്.

കലാകാരന്മാരെയും എഴുത്തുകാരെയും ഏകാധിപതികള്‍ ഭയപ്പെടുന്നതിന് പിന്നില്‍ അവരുടെ അഭിപ്രായം നാടിന് പുറത്തേക്ക് പോകും എന്നതാണ്. ഹിറ്റ്ലറും ഇതുപോലെയായിരുന്നു. നാസി പാര്‍ട്ടി ഏറ്റവുമധികം പേടിച്ചത് എഴുത്തുകാരെയും കലാകാരന്‍മാരെയുമാണ്. എം.ടിക്കെതിരായ പ്രതിഷേധം ഒരു സൂചനയാണ്. പുതുവര്‍ഷം പൊതുപരിപാടികള്‍ ഒഴിവാക്കി സ്വസ്ഥമായ എഴുത്തിലേക്ക് ഇരിക്കണമെന്നായിരുന്നു തന്‍െറ ആഗ്രഹം. എന്നാല്‍ തുടക്കത്തിലേ ആ തീരുമാനം മാറ്റേണ്ട സാഹചര്യമാണെന്നും എന്‍.എസ്. മാധവന്‍ പറഞ്ഞു.

Tags:    
News Summary - ns madhavan react mt-bjp issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT