വേരുകൾ ചിറകുകളാകും

‘മുട്ടുവിൻ തുറക്കപ്പെടും’ എന്നുള്ളത് മനുഷ്യരുടെ രാഷ്ട്രീയ ആവശ്യമാണെങ്കിൽ, ‘ഒരുനാൾ ദൈവം വന്ന് നിങ്ങളുടെ വാതിലിൽ മുട്ടും, അതാണ് സ്നേഹം’ എന്ന് ഓഷോ തിരുത്തി പറയുന്നത്, അതേ മനുഷ്യരുടെ ഒരു കാവ്യാത്്മക അവകാശമാണ്. ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും സംഭവിക്കുന്ന വ്യത്യസ്ത രൂപമാറ്റങ്ങളാണ് പലപ്പോഴും തിരിച്ചറിയാനാവാത്തവിധം കാവ്യസ്രോതസ്സുകളാവുന്നത്. ‘സർവ അധികാരങ്ങളും ഭാവനക്ക്’ എന്ന പഴയ ഫ്രഞ്ച് വിദ്യാർഥികലാപത്തിെൻറ മുദ്രാവാക്യം, കവിതതന്നെയായ ഒരവകാശ ആവിഷ്കാരമായി മാറുമെന്ന് പറയുന്നത്, അതോടെ അധികാരം തന്നെയും ഇല്ലാതാവും എന്നതുകൊണ്ടാണ്. ‘ഭാവന’ ഏതർഥത്തിലും പുതിയ ഭവനങ്ങൾ തേടുന്ന; പഴയ അർഥത്തിലുള്ള വീടുകളോട് വിടചോദിക്കുന്ന ഒരു സാഹസിക യാത്രയാണ്. പല കാൽപാടുകളാൽ, ഇനിയൊരു പുതുമയും അവശേഷിപ്പിക്കാത്ത ‘പെരുവഴിയല്ല’; ‘പുതുവഴി നീ വെട്ടുന്നാകിൽ പലതുണ്ടേ ദുരിതങ്ങൾ’ എന്ന് കക്കാട് മുന്നറിയിപ്പ് നൽകിയ ആ സ്വന്തം ഭാവനാവഴിയാണ്, കവികൾ, വിയർത്ത് വെട്ടുന്നത്. പേനയും മഷിയും കണ്ടുപിടിക്കുന്നതിനുംമുമ്പ്, വാമൊഴിപോലും പിറക്കുന്നതിനും മുമ്പുള്ള എഴുത്തും ഒരു വെട്ടിമാറ്റലായിരുന്നു, വഴിതേടലായിരുന്നു. അതൊരു മണ്ണൊരുക്കലുമായിരുന്നു.

മറ്റൊരർഥത്തിൽ അതിജീവനത്തിനുവേണ്ടിയുള്ള അധ്വാനപ്രവർത്തനംതന്നെയാണ്, ആവിഷ്കാരത്തിെൻറ ഭൂമിയും ആകാശവുമായി മാറുന്നത്. അതുകൊണ്ടാണ് കവിത ഭൂമി കാണുന്ന സ്വപ്നത്തിൽ അഗാധപുളകിതമാവുന്ന പ്രകൃതിസാന്നിധ്യംകൊണ്ട് നിറസമൃദ്ധമാവുന്നത്. അതിനാലാണ് ‘ഭാവന’ കുറ്റിപൊരിക്കലും കയറുകളഴിക്കലും ചിറകുവിടർത്തലും തിരുത്തിയെഴുതലും വഴിയൊരുക്കലുമാവുന്നത്. ‘ഇങ്ങനെയൊക്കെ മതി’ എന്നതിൽനിന്ന്, മറ്റെത്രയോ വിധത്തിലാവാമെന്ന പ്രത്യാശയിൽനിന്ന്, ഇവിടെ തീരുമ്പോഴും എവിടെയൊക്കെയോ തളിർക്കുമെന്ന തിരിച്ചറിവിൽനിന്ന്, അതുകൊണ്ടാണത് കവിയുന്നത്. ‘വളവുകൾ എത്ര വികാരനിർഭരം’ എന്ന് മോൻഡ്രയിൽ എന്ന കലാപ്രതിഭ സാക്ഷ്യപ്പെടുത്തുമ്പോഴും ഗണിതം അതിേൻറതായ വഴിയിൽ ആശയങ്ങളുടെ കവിതയാണെന്ന് ഐൻസ്ൈറ്റൻ സ്വയമനുഭവിക്കുമ്പോഴും, ‘ഒന്നുമില്ല ഒന്നുമില്ല, മീതെ പകച്ചേ നിൽക്കുമമ്പരം മാത്രം’ എന്ന് ആർ. രാമചന്ദ്രൻ, ‘ആകാശഭാഷ’ സ്വയം ഓർമിക്കുമ്പോഴും, ‘നാമേവരുമാ ചക്രവാളച്ചെരുവിലെ/മുഗ്ദ്ധവിശുദ്ധ വിദ്യുത്പക്ഷികൾ മാതിരി’യെന്ന് യുവകവികളിൽ ശ്രദ്ധയർഹിക്കുന്ന ജി. ശ്രീകുമാർ സ്വപ്നംകാണുമ്പോഴും ‘എന്തിലും’ തുളുമ്പുന്ന ഒരു താളസമൃദ്ധിയുടെ ഹൃദയസത്യമാണ് തെളിയുന്നത്. നിനച്ചിരിക്കാതെ അനുഭൂതിപ്പെടുന്ന ഒരു നിർവൃതിയിൽ, വിവരണത്തിൽനിന്നുമേറെ വഴുക്കുന്ന വസ്തുതകളിൽ, ചപ്പുചവറുകൾക്കിടയിലെ ചന്തങ്ങളിൽ, എത്ര കൂട്ടിയിട്ടും കൂട്ടിമുട്ടാത്ത കണക്കിെൻറ കൊടുമുടിയിൽ, ചെറുതിലും വലിയചെറുതിെൻറ തൊടാനാവാത്ത അദൃശ്യതയിൽ, അങ്ങനെയങ്ങനെ കവിത അസംഖ്യം വഴികളിൽ ഒഴുകുകയാണ്. വിഷത്തെ അമൃതാക്കിയും മണ്ണിനെ മണ്ണടുപ്പത്തിെൻറ കുളിരാക്കിയും, പൂവിനെ മനുഷ്യവംശത്തിെൻറയാകെ സാക്ഷിയാക്കിയും, പരസ്യപുറങ്ങൾക്കൊക്കെയുമപ്പുറമുള്ള പരമാർഥ ‘മറുപുറങ്ങൾ’ തേടിയും കവിത സ്വന്തം യാത്ര തുടരുകയാണ്. എവിടെയെങ്കിലും എത്തിച്ചേർന്നാൽ അതോടെ യാത്ര തീർന്നുപോവുമല്ലോ എന്നുപോലും അത് പേടിക്കുന്നതുപോലെ! ഇത്തരം കുറെ യാത്രകൾ മനുഷ്യർക്കിടയിൽ പലവഴികളിലായി നിരന്തരം നടക്കുന്നതുകൊണ്ടാണ്, നമ്മുടെ ജീവിതം അതിെൻറ വരൾച്ചക്കിടയിൽ എവിടെയൊക്കെയോ പിന്നെയും ആർദ്രമായിരിക്കുന്നത്. ‘പ്രകൃതിയിൽ വെള്ളം പൂർണമായി വറ്റിപ്പോയാലുള്ളൊരു അവസ്ഥ’യോടാണ് ആറ്റൂർ കവിതയില്ലാതാവുന്ന ലോകത്തെ തുല്യപ്പെടുത്തിയത്. ‘ഒരു ചക്കു–കാളതൻ കഴിച്ചിലിൻ, നരകത്തിൽനിന്നെന്നെക്കാത്തു നീ, അസുന്ദരനരഹത്യയിൽനിന്നും, ആത്്മഹത്യയിൽനിന്നും’ എന്നാണ് വൈലോപ്പിള്ളി കവിതയെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയത്. മെസേജുകളുടെയും ഫോൺകാളുകളുടെയും എണ്ണമല്ല, കൈമാറിയ വാക്കുകളല്ല, പരസ്പരം പകർന്ന നിർവൃതികളിൽപോലുമല്ല, രണ്ടുപേർക്കിടയിലെ ‘അടുപ്പം’ (കവിത) നിലകൊള്ളുന്നത്.

വികാരങ്ങളെയെല്ലാം ദ്രവ്യപരിഭാഷയിലേക്ക് ചുരുക്കുന്നതിനെതിരെയുള്ള ചെറുത്തുനിൽപിൽവെച്ചാണ് ‘ശ്രീകുമാർകവിത’ ശക്തിയാർജിക്കുന്നത്. ‘മനസ്സിലിടം വേണ്ടെനിക്കുനിൻ/തനുവിലിടം മതി’യെന്ന വിപണിഭാഷയോടാണത് മൽപിടിത്തം നടത്തുന്നത്. ‘എന്തിനും ഏതിനും വിലയിടും/പണക്കൊഴുപ്പിൻ ദുസ്സഹമാം പരപുച്ഛത്തെ പ്രതിരോധിക്കുന്ന’തിൽ വെച്ചാണത് വീര്യമാർജിക്കുന്നത്. ‘ജീവിതം നന്നായി രുചിച്ച് കൊണ്ടാൽ/വേറെന്തു ലഹരിയതിനെ വെല്ലാൻ’ എന്ന സൂക്ഷ്മ ചോദ്യത്തിലാണത് നൃത്തവേദിയൊരുക്കുന്നത്. പാരതന്ത്ര്യങ്ങളെ പൊറുപ്പിക്കാത്ത ‘കവിത’ തന്നെയാണ് സ്വന്തം വഴിയെന്നാണ് ‘അരുത്’ എന്ന ശ്രീകുമാർകവിത ആവിഷ്കരിക്കുന്നത്. ‘കവിതയിൽ കണക്കാകാം/ കണക്കിൽ കവിതയാകാം/ കവിത കൂട്ടാതെയുമാകാം/ കണക്കുകൂട്ടാതെയുമാകാം/ കവിതമാത്രവുമാകാം/ കണക്കുമാത്രമാകുകയേയരുത്.’ ‘അരുത്’ എന്ന കവിത ഒരുക്കുന്നത് ‘കണക്ക്മുട്ടലി’നുള്ള ഒരൗഷധമാണ്! ‘മതിലുകൾക്കു മുകളിൽനിന്ന് മറയില്ലാതെ ചിരിക്കുന്ന കുപ്പിച്ചില്ലുകൾ’ക്കെതിരെ; കാണാതായ വേലിപ്പടർപ്പിൽ എന്നോ വിരിഞ്ഞുമറഞ്ഞ പേരില്ലാത്തൊരു പൂവിെൻറ വിനയമെഴുതുന്ന വിയോജിപ്പിലെവിടെയോ ആണ് ശ്രീകുമാർ കവിതകളുടെ ഇടം.

ജി. ശ്രീകുമാറിെൻറ കാവ്യലോകം, മേലെഴുതിയ കാവ്യാനുഭവങ്ങളുടെ വഴികളിലെവിടെയൊക്കെയോ പടർന്ന ആ പഴയ വേലിക്കു മുകളിലെ വള്ളികളിലെ പൂക്കളെപ്പോലെ വിടരുകയാണ്. കണക്കുകൂട്ടലുകൾക്കൊക്കെയുമപ്പുറം നിന്ന് മനുഷ്യത്വത്തിെൻറയൊരു കൊടി പറത്താനാണ് ശ്രീകുമാർ സ്വന്തം കവിതകളിലൂടെ പിടയുന്നത്. കവിത, ശ്രീകുമാറിന് ഇനിയുമുണ്ടാവേണ്ടതിെൻറ സ്വപ്നമാണ്. മർദകസത്യങ്ങൾക്കും മോഹനസ്വപ്നങ്ങൾക്കുമിടയിൽ ശിഥിലമാവുന്നതിനുപകരം, ഏതോ അർഥത്തിൽ ശ്രീകുമാറിെൻറ കവിത ‘ഒരു സങ്കടശക്തി’യുടെ േസ്രാതസ്സിൽനിന്നാണ് ‘സൗഹൃദം’ നുണയുന്നത്. മുറിഞ്ഞുവീഴുമ്പോഴും ചേർന്നുനിൽക്കാനാണത്, വീര്യം പകരുന്നത്. അകലം അടുപ്പമാവുന്നതിെൻറ കാവ്യയുക്തി കുഴിച്ചെടുക്കാനാണത് ‘തന്നിൽ’ ആഴുന്നത്. സർവ അധികാരങ്ങൾക്കുമപ്പുറമുള്ള സ്വാതന്ത്ര്യത്തിെൻറ സ്വാദിലാണത് ഉന്മത്തമാകുന്നത്. ഇടിവെട്ടുകൾക്കും മിന്നലുകൾക്കുമിടയിൽ സംഭ്രാന്തമാവുമ്പോഴും, ഒരാകാശസൗന്ദര്യമാണ് സ്വന്തം കവിതയുടെ ഭൂമിയിൽ ആവിഷ്കരിക്കാൻ കൊതിക്കുന്നത്. ‘പക്ഷി’ എന്ന കവിതയിൽ, ‘ആകാശമായി’ മാറിയ ഭൂമിയുടെ സ്വപ്നമാണ്. അതിരുകളാൽ വികൃതമായ ഭൂമി, അതിർത്തിരഹിതമായൊരാകാശമായിരിക്കാൻ തീവ്രമായി കൊതിക്കുമ്പോഴുണ്ടായതാണാ ‘പക്ഷി’ എന്ന് ഇൗ കവിത നമ്മെ അനുഭവിപ്പിക്കും. ഒരു പതിവ് പ്രതീകം എന്ന അർഥത്തിലല്ല, ഒരു ‘പരമാവധി’ ‘പ്രതി–പ്രതീകം’ എന്ന നിലയിലാണത് ഏറെ പ്രസക്തി കൈവരിക്കുന്നത്. ‘പക്ഷിയാകാൻ കഴിയാത്ത വേദന/ മാനമെത്തിപ്പിടിച്ചു/ മറക്കാൻ ശ്രമിക്കുന്ന വൃക്ഷം എന്ന കാവ്യപ്രയോഗം, ഒരർഥത്തിൽ ‘നിശ്ചല–ചലനങ്ങളെ’ കൂട്ടിച്ചേർത്തുള്ള ഒരു വേര്–ചിറക് എഴുത്താണ്. വേരിെൻറയും ചിറകിെൻറയും കരുത്തും കാന്തിയുമാണത് ഒരേസമയം അനുഭവിപ്പിക്കുന്നത്. ചിറക് ഒരർഥത്തിൽ ആകാശത്തിൽ പടർന്നുപടർന്ന് അദൃശ്യമായ ഒരു വേരാവാം! വേര് ചുരുങ്ങി കനത്ത് സ്വപ്നം മറന്ന ഭൂമിക്കടിയിലെ ഏതോ ഒരു ചിറകുമാകാം. ദേവേന്ദ്രെൻറ വാൾമുനയിൽനിന്ന് രക്ഷപ്പെട്ട്, ഒരു മോചനത്തെ സ്വപ്നംകണ്ട്, സമുദ്രത്തിനടിയിൽ ഒളിവിൽ കഴിയുന്ന ‘ഗറില്ലാപോരാളിയായ’ ആ പഴയ മൈനാകപർവതത്തിെൻറ മുഖച്ഛായ ആ വേരിൽ എവിടെയോ പതിഞ്ഞതു േപാലെ!

പത്തിവിടർത്തിയ പാമ്പിലും, തുളുമ്പുന്ന തിരയിലും, ഇളകുന്ന പുസ്തകത്താളിലും, ആളുന്ന നിലവിളക്കിലും കവിയൊരു ‘പക്ഷി’യെകൂടി കാണുന്നു. ‘കടലിൽനിന്നു ജനിക്കയെല്ലാറ്റിലും/ കടൽ തുളുമ്പുന്നമാതിരി/ സ്നേഹത്തിൽനിന്നുദിക്കയാലെല്ലാറ്റിലും/ സ്നേഹം മണക്കുന്നമാതിരി/ സ്വതന്ത്രബിന്ദുക്കളേതിലുമൊരു പക്ഷി/ പറന്നുയരാനിരിക്കുന്നു’ എന്ന കാവ്യാനുഭവം ഒരു സമഗ്ര ദർശനത്തിെൻറ ഹൃദ്യമായ അനുഭൂതിയാണ് പകർന്നേകുന്നത്. കടലും ആകാശവും ഭൂമിയും സ്നേഹവും ചേർന്നൊരുക്കുന്ന സ്വാതന്ത്ര്യത്തിെൻറ ഒരു സംഘനൃത്തോത്സവമാണ്, ഒരു ചിത്രവിരുന്നാണ്, ‘ശ്രീകുമാർപക്ഷി’ പകുക്കുന്നത്. ‘ആകാശമതിനെത്തന്നെ/ അനന്തമാനന്ദ നിർവൃതിയെത്തന്നെ/ അൽപാൽപമായ് മുറിച്ചു നിരുപാധികം/ പറത്തുന്നതാകുമോ പക്ഷികൾ’ എന്ന ആ ‘വിസ്മയ’വരികളെന്നെ നിൽക്കുന്നേടത്തുനിന്നും ഏതോ ഉയരങ്ങളിലേക്ക്, വലിച്ചുയർത്തുന്നതുപോലെ തോന്നുന്നു. ജി. ശ്രീകുമാറിെൻറ ‘പക്ഷി’ ആരുടെയോ ആകാശത്തിൽ, വാടകക്കെടുത്ത ചിറകിൽ പറക്കുന്ന വെറുമൊരു പക്ഷിയല്ല, സ്വന്തം മനസ്സിെൻറ ആകാശവിസ്തൃതിയിൽ സ്വന്തം കാലത്തെ സങ്കുചിതത്വങ്ങൾക്കെതിരെ ചിറകടിച്ചുയരുന്ന ഒരു പ്രതിരോധസാന്നിധ്യമാണ്. ‘ധാരണപ്പിശകാമുടലിനെ ജയിക്കാൻ/ ചിറകിട്ടടിക്കുമുയിരാകുമോ പക്ഷി’ എന്നൊരൊറ്റ കാവ്യപ്രയോഗത്തിൽ, ജഡസമാനമായ ജീവിതത്തിനെതിരെ സ്വപ്നങ്ങളുയർത്തുന്ന സമരശബ്ദങ്ങളാണ്, ഇരമ്പുന്നത്. ‘കനമിനി കണികമാത്രം കുറച്ചാലു–/മില്ലാതെയാകുന്ന മട്ടിലുള്ളത്ര/ വിലോലമാം ചിറകുകൾ!’ എന്ന് ‘അടുപ്പത്തിന്നായൊരകലം’ എന്ന കവിതയിലും; ‘ഉൗമയുടെ കണ്ഠനാളത്തിൽ/ കുരുങ്ങിക്കിടന്നിരുന്ന വാക്ക്/ ചിറകുമുളച്ചു പറന്നുചെന്ന്/ ചെകിടെൻറ വാതിലിൽ മുട്ടും’ എന്ന ‘കാത്തിരിപ്പ്’ എന്ന കവിതയിലെ, ‘ചിറകും’ പങ്കുവെക്കുന്നതും ‘ചിറക് വിസ്മയത്തിെൻറ’ അനുഭൂതികാഴ്ചകളാണ്.

Tags:    
News Summary - Ottamurikal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.