മറുനാടന്‍ കുടിയേറ്റങ്ങള്‍ സംസ്കാരത്തെ സമ്പന്നമാക്കും –പി. വത്സല

കോഴിക്കോട്: മറുനാടുകളില്‍നിന്നുള്ള കുടിയേറ്റങ്ങള്‍ സംസ്കാരത്തെ സമ്പന്നമാക്കുകയാണ് ചെയ്തതെന്ന് എഴുത്തുകാരി പി. വല്‍സല. അളകാപുരിയില്‍ പ്രഫ. വി. സുകുമാരന്‍ മാസ്റ്റര്‍ക്കും ഭാര്യ കുമുദം സുകുമാരനും ആദരമര്‍പ്പിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. യൂറോപ്പിന്‍െറ സ്വന്തം വേരുകളില്‍നിന്ന് വേര്‍പെട്ടുപോകുന്നുവെന്നതായിരുന്നു ബ്രെക്സിറ്റ് സംഭവത്തിലൂടെ ബ്രിട്ടീഷുകാര്‍ക്ക് സംഭവിച്ചത്. പക്ഷേ, ഇന്ത്യയിലടക്കം നാഗരികതയുടെ അടിസ്ഥാനശിലകള്‍ പാകാന്‍ ബ്രിട്ടീഷുകാര്‍ക്ക് കരുത്തുപകര്‍ന്നത് പ്രവാസമാണ്.

കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കുമുള്ള കുടിയേറ്റങ്ങള്‍ സമാനമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അമേരിക്കക്കാര്‍ അധ്യാപകരായി ഇന്ത്യക്കാരെ ആവശ്യപ്പെടുന്നത് കുടിയേറ്റരാജ്യങ്ങള്‍ തമ്മിലുള്ള താദാദ്മ്യത്തിന്‍െറ അടയാളമാണെന്നും അവര്‍ പറഞ്ഞു. ഗുരുത്വം നഷ്ടമായതാണ് ഇന്നത്തെ കാലത്തിന്‍െറ പ്രശ്നമെന്ന് ഉദ്ഘാടനം ചെയ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞു.  ഇപ്പോള്‍ ഗുരുക്കന്മാര്‍ വില്‍പനക്കാരും വിദ്യാഭ്യാസം വില്‍പനച്ചരക്കുമായി. ഗുരുക്കന്മാര്‍ക്ക് പകരം ഒന്നുമില്ല. നഷ്ടമായ ഗുരുത്വം വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സുകുമാരന്‍ മാസ്റ്ററെയും ഭാര്യ കുമുദത്തെയും  സി. രാധാകൃഷ്ണന്‍ പൊന്നാടയണിയിച്ചു.  

പ്രഫ. വി. സുകുമാരന്‍ രചിച്ച ‘വഴിയില്‍ എറിഞ്ഞ ഓലച്ചൂട്ടുകള്‍’ പി. വല്‍സല കോയമുഹമ്മദിനും ‘സുന്ദര സങ്കല്‍പ വൃന്ദാവനങ്ങളില്‍’ പുസ്തകം കെ.പി. ശങ്കരന്‍ ഖദീജ മുംതാസിനും നല്‍കി പ്രകാശനം ചെയ്തു.‘നഷ്ടപ്പെട്ട നാവ് തിരിച്ചുപിടിക്കുക’ പുസ്തകം പി.കെ. ഗോപി അശോകന്‍ ചരുവിലിന് നല്‍കി പ്രകാശനം ചെയ്തു.  വിവിധ സെഷനുകളില്‍  പ്രഫ. കടത്തനാട്ട് നാരായണന്‍, കെ.എന്‍. ഗണേശ്, ഐസക് ഈപ്പന്‍, യു. ഹേമന്ദ് കുമാര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. എം.ആര്‍. രാഘവ വാരിയര്‍, പി.കെ. ഗോപി, ഡോ. എം.എന്‍. കാരശ്ശേരി, കെ.ടി. കുഞ്ഞിക്കണ്ണന്‍, പി. ബാലകൃഷ്ണന്‍, കെ.പി. മോഹനന്‍, പി.പി. ശ്രീധരനുണ്ണി, ഡോ. എന്‍.എം. സണ്ണി, ജാനമ്മ കുഞ്ഞുണ്ണി, കെ.കെ.സി. പിള്ള, എന്‍. പ്രിയദര്‍ശന്‍ലാല്‍, വി.ടി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

 

Tags:    
News Summary - p valsala on foreign writers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.