തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്കെതിരെ നിരന്തരം അപവാദങ്ങളുമായി എത്തുന്ന പി.സി ജോർജിനെതിരെ നിശിത വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. കേരളത്തിലെ സമൂഹം ാക്രമിക്കപ്പെട്ട പെൺകുട്ടിയോടൊത്ത് നിൽ്കകുമ്പോൾ കോടതി ചോദിക്കേണ്ട ചോദ്യങ്ങൾ നിരന്തരം ചോദിക്കാൻ പി.സി ജോർജിന് അവകാശമില്ലെന്ന് ശാരദക്കുട്ടി ഓർമപ്പെടുത്തുന്നു. ഇതു പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകില്ലെന്ന് പറയുന്ന അവർ തളക്കാൻ ആരുമില്ലാത്ത മദയാനയാണെന്നും പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ആക്രമിക്കപ്പെട്ട ഒരു പെൺകുട്ടിയോട് അന്വേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ പോലീസിനോ കോടതിക്കോ ഒക്കെ പല തരം ചോദ്യങ്ങൾ ചോദിക്കേണ്ടി വരും. അത് ചിലപ്പോൾ അവൾക്കു ഒരിക്കൽ നേരിട്ട പീഡാനുഭവത്തെ മുഴുവൻ വീണ്ടും അനുഭവിക്കുന്ന അതേ വേദന ഉളവാക്കുകയും ചെയ്യും. ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെ ധൈര്യത്തോടെ ഒരു പെൺകുട്ടി, കേസ് കൊടുക്കാൻ തയ്യാറായപ്പോൾ പ്രബുദ്ധമായ കേരളസമൂഹം അവൾക്കു സകല പിന്തുണയും കൊടുത്ത് കൂടെ നിന്നു.
കോടതി ചോദിക്കേണ്ട ചോദ്യങ്ങൾ നിരന്തരം ഇങ്ങനെ ചോദിക്കാൻ, മിസ്റ്റർ പി.സി ജോർജ്ജ്, നിങ്ങള്ക്ക് അവകാശമില്ല. പക്ഷെ, നിങ്ങള്ക്ക് മാത്രം ഇതൊന്നും മനസ്സിലാകില്ല. കാരണം ഒരു ചികിത്സക്കും വശംവദമാകാൻ കൂട്ടാക്കാത്ത ഒരു സ്ഥൂലരോഗപിണ്ഡമായി മാറിക്കഴിഞ്ഞിരിക്കുന്നു നിങ്ങളുടെ മനസ്സും ബോധവും. പറഞ്ഞിട്ട് കാര്യമില്ല, സ്വയം പ്രഖ്യാപിത കോടതിയണല്ലോ നിങ്ങൾ. തളയ്ക്കാൻ ആരുമില്ലാത്ത. മദയാന. തെറ്റ് ചെയ്തവർ ആരായാലും,നിയമപരമായി ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും, അവൾ സമൂഹത്തിനു നൽകിയ ഒരു സന്ദേശം ഉണ്ട്. ഭാവിയിലെ പെൺകുട്ടികൾക്കും ഞങ്ങളെ പോലെ ഉള്ള മുതിർന്ന സ്ത്രീകൾക്കും പകർന്നു തന്ന ഒരു കരുത്തുണ്ട്. അത് ഇത്രയും കാലത്തെ നിങ്ങളുടെ "പൊതുപ്രവർത്തന"ത്തിൽ നിന്ന്, അതിനു അവസരം തന്ന ജനതയോടുള്ള കടപ്പാടായി പോലും തിരികെ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല. നിങ്ങളുടെ വ്യർഥതയെ ആണ് അത് സൂചിപ്പിക്കുന്നത്. വിഫലമീ യാത്ര എന്ന് കാലം നിങ്ങളെ വിലയിരുത്തും, മിസ്റ്റർ പി.സി ജോർജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.