തിരുവനന്തപുരം: സത്യസന്ധനായ ഉദ്യോഗസ്ഥന് നീതിപൂർവം പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് കവയിത്രി സുഗതകുമാരി. മുൻ വിവരാവകാശ കമീഷണർ ഡോ. സിബി മാത്യൂസിെൻറ ‘നിർഭയം’ പുസ്തകം ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദനിൽനിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ.
നീതിനടപ്പാക്കാൻ വിധിക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ കൈകളും മനസ്സും വിലങ്ങിലാണ്. അപ്പോൾ പിന്നെ തങ്ങളെപ്പോലെയുള്ള അസംഘടിതർ ആരെയാണ് വിശ്വസിക്കേണ്ടതെന്ന് സുഗതകുമാരി ചോദിച്ചു. രാഷ്ട്രീയ, മത ഇടപെടലുകൾക്കും കള്ളപ്പണക്കാരുടെ ഇഗിതങ്ങൾക്കും വഴങ്ങാത്ത ഉദ്യോഗസ്ഥർക്ക് നിലനിൽപില്ലാതായി. സൂര്യനെല്ലി പെൺകുട്ടി മുതൽ ബലാത്സംഗം ചെയ്ത് തൂക്കിക്കൊന്ന ഒമ്പതാംക്ലാസുകാരിവരെ നീതിക്ക് വേണ്ടി വർഷങ്ങൾ കാത്തിരിക്കേണ്ട ഗതികേടിലാണ്. മദ്യനയത്തിെൻറ രാഷ്ട്രീയ സാമ്പത്തിക വശങ്ങളെക്കുറിച്ച് തനിക്കറിയില്ല. എന്നാൽ കട്ടിലിൽ രക്തം ഛർദിക്കുന്ന മകനെ നോക്കിയിരിക്കുന്ന അമ്മയുടെ ശാപം ആർക്കാണ് കൊള്ളുന്നത്. മദ്യപിച്ച് സ്വന്തം പെൺമക്കളെ ഉപദ്രവിക്കുന്ന പിതാവിൽനിന്ന് രക്ഷനേടാൻ മക്കളെയുംകൊണ്ട് പാതിരാത്രി വീട്ടിൽനിന്ന് ഇറങ്ങിയോടുന്ന അമ്മമാരുടെ കണ്ണീരിന് ആര് സമാധാനം പറയുമെന്നും അവർ ചോദിച്ചു.
കേരള രാഷ്ട്രീയത്തിെൻറയും കുറ്റാന്വേഷണങ്ങളുടെയും മൂന്ന് പതിറ്റാണ്ടത്തെ ചരിത്രമാണ് ‘നിർഭയം’ മുന്നോട്ടുവെക്കുന്നതെന്ന് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. ചാരക്കേസുമായി ബന്ധപ്പെട്ടവരെല്ലാം പുറത്തുവന്നുകഴിഞ്ഞു. ഈഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിെൻറ വാക്കുകൾക്ക് പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തിലൂടെ ആരെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും എന്നാൽ ചിലകാര്യങ്ങൾ തുറന്നുപറയുമ്പോൾ ആർക്കെങ്കിലും വിഷമം തോന്നിയേക്കാമെന്നും മറുപടിപ്രസംഗത്തിൽ ഡോ. സിബി മാത്യൂസ് പറഞ്ഞു. പെരുമ്പടവം ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.