കോഴിക്കോട്: ഇന്നും സാംസ്കാരികജീവിതത്തിലും സാമൂഹികജീവിതത്തിലും നിരവധി തെറ്റുകളുണ്ടെന്നും ഇവ തിരുത്താനാണ് നാം സർഗാത്മകചൈതന്യം ഉപയോഗിക്കേണ്ടതെന്നും എം.ടി. വാസുദേവൻ നായർ. പുരോഗമന സാഹിത്യപ്രസ്ഥാനത്തിെൻറ 80 വർഷങ്ങൾ എന്നപേരിൽ പു.ക.സ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദേശീയസെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാഹിത്യം വെറും വിനോദമോ നേരമ്പോക്കോ അല്ല. മതവും നിയമവും പോലെയുള്ള ഒരു സാമൂഹികസ്ഥാപനമാണ് സാഹിത്യവും എന്ന് ആളുകളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. മനുഷ്യജീവിതങ്ങളെക്കുറിച്ചും അവരുടെ കഷ്ടപ്പാടുകളെക്കുറിച്ചും എഴുതിയതുകൊണ്ടാണ് തകഴിയെപ്പോലുള്ളവർ ശല്യപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കേസരി ബാലകൃഷ്ണപിള്ള എഴുതിയത്. മുദ്രാവാക്യങ്ങളുടെ പ്രസ്ഥാനം എന്ന പേരിൽ തുടക്കകാലത്ത് പുരോഗമന സാഹിത്യ പ്രസ്ഥാനം പല പരിഹാസങ്ങൾക്കും ഇരയായി. എന്നാൽ തിരിഞ്ഞുനോക്കുമ്പോൾ മുദ്രാവാക്യങ്ങൾ ആവശ്യമാണെന്ന് തിരിച്ചറിയുന്നു. രാഷ്ട്രീയ^സാംസ്കാരിക നവോത്ഥാനത്തിെൻറയെല്ലാം കൂടെ സഞ്ചരിച്ച പ്രസ്ഥാനമാണ് പു.ക.സ. നഷ്ടപ്പെട്ട മാനവികത തിരിച്ചുപിടിക്കാൻ സർഗാത്മകതയുള്ളവർക്ക് എന്തുചെയ്യാനാവും എന്നാലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എട്ടുപതിറ്റാണ്ടുകൾക്കുമുമ്പ് പുരോഗമന സാഹിത്യപ്രസ്ഥാനം തുടങ്ങിയ കാലത്തുള്ള ലോകത്തോടും ഇന്ത്യയോടും പ്രത്യക്ഷവും പരോക്ഷവുമായ സാമ്യം ഇന്നത്തെ ലോകത്തിനും ഇന്ത്യക്കുമുണ്ടെന്ന് മുഖ്യപ്രഭാഷണത്തിൽ എം.എ. ബേബി പറഞ്ഞു. നാം ജീവിക്കുന്നത് ബീഭത്സവും ദാരുണവുമായ ഒരു കാലത്താണ്. ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതുപോലും നാം അറിയുന്നില്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണിന്നുള്ളത്. സാംസ്കാരികദേശീയതയുടെ ആകർഷകമായ ഉടയാടകളണിഞ്ഞുകൊണ്ടാണ് ഏറ്റവും രക്തരൂക്ഷിതവും മനുഷ്യവിരുദ്ധവുമായ പ്രത്യയശാസ്ത്രം പ്രച്ഛന്നവേഷത്തിൽ സമൂഹത്തിലെത്തുന്നത്. ജനങ്ങളെ അണിനിരത്തി ഇന്ത്യയെന്ന ആശയത്തെ വീണ്ടെടുക്കാൻ രാഷ്ട്രീയക്കാരെപ്പോലെ കലാസാംസ്കാരികപ്രവർത്തകരും മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.