അവാർഡ് ഒപ്പിച്ചെടുക്കുന്നവർക്കെതിരെ പരിഹാസവുമായി കോഴിക്കോട് സർഗോത്സവം ഉദ്ഘാടനവേദിയിൽ ടി. പത്മനാഭൻ. സ്കൂൾ കലോത്സവങ്ങളിലെ മത്സരബുദ്ധിയെയും അംഗീകാരം തരപ്പെടുത്താനുള്ള ത്വരയെയും വിമർശിക്കാനും അധിക്ഷേപിക്കാനും സത്യത്തിൽ താനടക്കമുള്ള കേരളത്തിലെ സാഹിത്യകാരന്മാർക്കും ‘സോകോൾഡ്’ സാംസ്കാരികനായകർക്കും അർഹതയില്ലെന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. താൻ ചില്ലറ സാഹിത്യമൊക്കെ കുറിച്ചിടുന്നയാളാണെന്നും കൂടുതൽ സമയവും അവാർഡുകൾ നേടാനുള്ള നെട്ടോട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാരസമിതിയുടെ തലപ്പത്തിരുന്ന് അവാർഡ് സ്വന്തമാക്കുന്നവരെയും അദ്ദേഹം പരിഹസിച്ചു.
സാഹിത്യ അക്കാദമിയുടെ വൈശാഖനും കെ.പി. മോഹനനുമെല്ലാം വലിയ ‘അവാർഡ് കച്ചവടക്കാർ’ ആണെന്ന് ഇരുവരും വേദിയിലിരിക്കെ അദ്ദേഹം പറഞ്ഞു. താൻ അവരെ വേണ്ടതുപോലെ സോപ്പിടാറുള്ളതിനാൽ അവർ തനിക്ക് അവാർഡ് തരാറുണ്ടെന്നായിരുന്നു അദ്ദേഹത്തിെൻറ പരിഹാസം.
‘‘ഒരു പുരസ്കാരത്തിെൻറ യോഗ്യത നിർണയിക്കുന്നത് അതിെൻറ സംഖ്യ നോക്കിയാണ്. അങ്ങനെ നോക്കുമ്പോൾ 11 ലക്ഷം രൂപ വരുന്ന ജ്ഞാനപീഠവും സരസ്വതി സമ്മാനവുമാണ് ഏറ്റവും വലുത്. ഈ രംഗത്തൊക്കെ നടക്കുന്നത് എന്താണ്? നാണമില്ലാത്ത ഞാൻ പത്മരാജൻ പുരസ്കാരം കൈയടക്കുന്നു, ഞാനാണ് പത്മരാജൻ പുരസ്കാര സമിതിയുടെ സ്ഥിരം ചെയർമാൻ. എൻ.വി. കൃഷ്ണവാര്യർ സ്മാരക സമിതിയുടെ ചെയർമാൻ ഞാനാണ്.
അതിെൻറ ബൈലോയിൽ ഭാരവാഹികൾ പുരസ്കാരം ഏറ്റെടുക്കാൻ പാടില്ലെന്ന നിയമമുണ്ട്. ഞാൻ പതുക്കെ ഒരു വർഷം മാറിനിൽക്കും. എനിക്ക് അവാർഡ് കിട്ടിയശേഷം ഞാൻ വീണ്ടും അതിെൻറ ചെയർമാനാവുന്നു. സാഹിത്യ അക്കാദമിയിലും ഞാനിതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്’’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.