കോഴിക്കോട്: എഴുത്തുകാരൻ കെ.പി. രാമനുണ്ണിക്കെതിരെ അജ്ഞാത ഭീഷണിക്കത്ത്. ‘മാധ്യമ’ത്തിൽ കഴിഞ്ഞ ജൂൺ 16 മുതൽ 22 വരെ ‘പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരു വിശ്വാസി’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖന പരമ്പരക്കെതിരെയാണ് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചത്. ആറുമാസത്തിനകം മതം മാറിയില്ലെങ്കിൽ കൈയും കാലും വെട്ടുമെന്നാണ് മേൽവിലാസമെഴുതാത്ത കത്തിലെ ഭീഷണി. ഇതുസംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് കെ.പി. രാമനുണ്ണി പരാതി നൽകി.
‘നിങ്ങൾ പല അവസരങ്ങളിലും മുസ്ലിംകൾക്ക് അനുകൂലമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമങ്ങൾ നടത്തിയിട്ടുള്ള ആളാണ്. പക്ഷേ, അതെല്ലാം അടവുകളാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ഞങ്ങൾക്കുണ്ട്. വരികൾക്കിടയിലൂടെ വായിച്ചാൽ മനസ്സിലാകും നിങ്ങൾ ഇസ്ലാമിെൻറ പേരിൽ പല കുറ്റങ്ങളും ആരോപിക്കുന്നുണ്ടെന്ന്’. ഇത്തരം പരാമർശങ്ങളിലൂടെ നീങ്ങുന്ന കത്ത് ഒരു തീവ്ര ഹിന്ദുവിനെക്കാളും അപകടകാരിയാണ് നിന്നെപ്പോലുള്ളവരെന്നും അതുകൊണ്ട് നിെൻറ കാര്യത്തിൽ ഒരു ദാക്ഷിണ്യവും കാണിക്കാൻ ഞങ്ങൾ തയാറല്ലെന്നും വ്യക്തമാക്കുന്നു. ടി.ജെ. ജോസഫിനെ ചെയ്തപോലെ, എഴുതിയ വലതുകൈ വെട്ടിക്കളയും ഇടതുകാലും വെട്ടിക്കളയും, മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കാൻ. ആറുമാസത്തെ സമയം തരുന്നതായും കത്ത് മുന്നറിയിപ്പ് നൽകുന്നു.
കത്തിനെ സംബന്ധിച്ച് തനിക്ക് മുൻവിധിയൊന്നുമില്ലെന്നും മുസ്ലിം ഭീകരവാദിയൊ ഹിന്ദു ഭീകരവാദിയൊ ഇതിന് പിന്നിലുണ്ടാകാമെന്നും കെ.പി. രാമനുണ്ണി ‘മാധ്യമ’ത്തോട് പറഞ്ഞു. മാധ്യമത്തിൽ എഴുതിയ ലേഖന പരമ്പരയെക്കുറിച്ച് എല്ലാ മതവിഭാഗങ്ങളിൽനിന്നും ധാരാളം അഭിനന്ദനങ്ങൾ തനിക്ക് ലഭിച്ചിരുന്നു. മത സൗഹാർദം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ലേഖനത്തെ പ്രശംസിച്ചിട്ടുണ്ട്. സൗഹൃദം ആഗ്രഹിക്കാത്തവരാണ് കത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീഷണിക്ക് ഇടയാക്കിയ രാമനുണ്ണിയുടെ ലേഖനങ്ങൾ:
പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരു വിശ്വാസി
എന്നിട്ടുമെന്തേ മുസ്ലിം ശത്രുവാണെന്ന തോന്നൽ?
റാഷനലിസ്റ്റുകളും കമ്യൂണിസ്റ്റുകളും ചെയ്യുന്നത്
ഹിന്ദുത്വവാദികളേ, ഒരു വാക്ക്
ഇസ്ലാം മുസ്ലിംകൾക്ക് പട്ടയം കിട്ടിയതല്ല
രാമനുണ്ണിക്ക് ലഭിച്ച ഭീഷണികത്ത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.