വയലാർ അവാർഡ് യു.കെ. കുമാരന്

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ പുരസ്ക്കാരം പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരന്. തക്ഷൻ കുന്ന് സ്വരൂപം എന്ന നോവലിനാണ് പുരസ്ക്കാരം. ഒരു ലക്ഷം രുപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ രൂപകൽപന ചെയത ശിൽപവുമാണ് അവാർഡ്. എ.കെ.സാനു, സേതു, മുകുന്ദൻ, കടത്തനാട് നാരായണൻ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബർ 27ന് എ.കെ.ജി ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകുമെന്ന് കമ്മിറ്റി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മാനവികതയുടെ പക്ഷത്ത് നിന്ന് കഥകളെഴുതിയ സാഹിത്യകാരനാണ് യു.കെ. കുമാരൻ. നന്മയാണ് യു.കെ കുമാരന്‍റെ കൃതികളുടെ പ്രത്യേകത. അതുകൊണ്ടു തന്നെ വായനക്കാര്‍ക്ക് യു.കെ. കുമാരന്‍റെ കഥാപാത്രങ്ങളുമായി എളുപ്പത്തില്‍ സംവദിക്കാനും ആസ്വദിക്കാനും കഴിയുന്നു.

1950 മെയ്‌ 11ന്‌ കോഴിക്കോട്‌ ജില്ലയിലെ പയ്യോളിയിലാണ് യു.കെ. കുമാരൻ ജനിച്ചത്. സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദവും പത്രപ്രവർത്തനത്തിലും പബ്ലിക്ക്‌ റിലേഷൻസിലും ഡിപ്ലോമയും നേടിയിട്ടുണ്ട്. വീക്ഷണം വാരികയിൽ അസിസ്റ്റന്‍റ് എഡിറ്ററായി പ്രവർത്തിച്ച ഇദ്ദേഹം ഇപ്പോൾ കേരള കൗമുദി (കോഴിക്കോട്‌) പത്രാധിപസമിതി അംഗമാണ്. കേരള സാഹിത്യ അക്കാദമി വൈസ്‌ പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുണ്ട്.

എഴുതപ്പെട്ടത്‌, വലയം, ഒരിടത്തുമെത്താത്തവർ, മുലപ്പാൽ, ആസക്‌തി,തക്ഷൻകുന്ന് സ്വരൂപം, കാണുന്നതല്ല കാഴ്ചകൾ എന്നീ നോവലുകളും മലർന്നു പറക്കുന്ന കാക്ക, പ്രസവവാർഡ്‌, എല്ലാം കാണുന്ന ഞാൻ,ഓരോ വിളിയും കാത്ത്‌, അദ്ദേഹം എന്നീ നോവലെറ്റുകൾ എഴുതിയിട്ടുണ്ട്. ഒരാളെ തേടി ഒരാൾ, പുതിയ ഇരിപ്പിടങ്ങൾ, പാവം കളളൻ, മടുത്തകളി, മധുരശൈത്യം, ഒറ്റക്കൊരു സ്‌ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്‌, റെയിൽപാളത്തിലിരുന്ന്‌ ഒരു കുടുംബം ധ്യാനിക്കുന്നു, പോലീസുകാരന്‍റ പെൺമക്കൾ എന്നിവയാണ് പ്രധാന കഥകൾ. സി.പിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്.

എസ്.കെ. പൊറ്റക്കാട് അവാര്‍ഡ്, ധിഷണ അവാര്‍ഡ്, രാജീവ്ഗാന്ധി സദ്ഭാവന അവാര്‍ഡ്, ഇ.വി.ജി. പുരസ്‌ക്കാരം, കെ.എ. കൊടുങ്ങല്ലൂര്‍ പുരസ്‌ക്കാരം, അപ്പന്‍ തമ്പുരാന്‍ പുരസ്‌ക്കാരം, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ അവാര്‍ഡ്, തോപ്പില്‍ രവി പുരസ്‌ക്കാരം എന്നീ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പോലീസുകാരന്‍റെ പെൺമക്കൾ എന്ന ചെറുകഥാസമാഹാരത്തിന് 2011-ലെ മികച്ച ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - u k kumaran gets vayalar award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT