തിരുവനന്തപുരം: രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നതെന്ന് മന്ത്രി എ.കെ. ബാലൻ. കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന അക്രമത്തിനു പിന്നിലും അസഹിഷ്ണുതയാണ് കാരണം. സാംസ്കാരിക പ്രവർത്തകർക്ക് സംരക്ഷണം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് കമ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ) ഏർപ്പെടുത്തിയ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പുരസ്കാരം എഴുത്തുകാരൻ കെ.പി. രാമനുണ്ണിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ബഹുസ്വരത നിലനിർത്തുകയെന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഗാന്ധി ഘാതകർ ആദരിക്കപ്പെടുന്ന കാലമാണിന്ന്. ദലിത് പീഡനവും ഗോരക്ഷ കലാപങ്ങളും എപ്പോഴും നടക്കാമെന്ന അവസ്ഥയിലാണ്. ഇത്തരമൊരു സാഹചര്യത്തെ ആെരങ്കിലും തള്ളിപ്പറഞ്ഞാൽ അവരെ ഇല്ലാതാക്കും. ഗോവിന്ദ് പൻസാരെ, കൽബുർഗി, ഗൗരി ലേങ്കഷ് തുടങ്ങിയവരെ ഇല്ലാതാക്കി. ഭരണഘടനയുണ്ടാക്കിയവർ ഭൂരിപക്ഷം പേരും ഹിന്ദു മതത്തിൽനിന്നുള്ളവരായിട്ടും രാജ്യം മതേതരത്വമെന്ന് വിശേഷിപ്പിച്ചത് ഇൗ അവസരത്തിൽ ഒാർക്കണം. മതേതരത്വത്തിെൻറ പൊതുമണ്ഡലങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
തുടർന്ന് സെക്കുലറിസം-മതേതരം, മതാധിഷ്ഠിതം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. മതേതരത്വം എന്ന പദംപോലും ഭരണഘടനയിൽനിന്ന് നീക്കംചെയ്യാനാണ് ഫാഷിസ്റ്റ് ശക്തികൾ ശ്രമിക്കുന്നതെന്നും പ്രവചനാതീതമായ സ്ഥിതിവിശേഷമാണ് രാജ്യത്തിെൻറ മുന്നിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തീവ്ര ദേശീയതയുടെ പേരിലുള്ള ഫാഷിസ്റ്റ് മുന്നേറ്റത്തെ നേരിടാൻ ഒന്നിച്ചുനിൽക്കണമോ എന്ന കാര്യത്തിൽ മതേതര പാർട്ടികൾക്ക് ഏകാഭിപ്രായമില്ലാത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ് വിഷയം അവതരിപ്പിച്ചു. എഴുത്തുകാരൻ പ്രഫ. ബി. രാജീവൻ, ആസൂത്രണ ബോർഡ് മുൻ അംഗം സി.പി. ജോൺ, സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.പി. ശ്രീകല എന്നിവർ സംസാരിച്ചു. കെ.പി. രാമനുണ്ണി മറുപടിപ്രസംഗം നടത്തി.ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ എഫ്.ഡി.സി.എ സെക്രട്ടറി ടി.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. ഗാന്ധിയൻ പി. ഗോപിനാഥന് നായര്‍, ആർക്കിടെക്റ്റ് ജി. ശങ്കർ, എം.എം. ഉമ്മര്‍ പെരുമാതുറ എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി. സ്വാഗതസംഘം ചെയർമാൻ ഭാസുരേന്ദ്ര ബാബു സ്വാഗതവും വയലാർ ഗോപകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.