കോഴിക്കോട്: എഴുത്തുകാരനും പത്രാധിപരുമായ എസ്. ജയചന്ദ്രൻ നായരെ ‘ചെറ്റ’ എന്നു വിശേഷിപ്പിച്ച എൻ.എസ്. മാധവനെതിരെ വി.ടി. ബൽറാം എം.എൽ.എ. എം. സുകുമാരെൻറ ‘പിതൃതർപ്പണം’ എന്ന കഥയിൽനിന്ന് ‘നാറിയ’ എന്ന വാക്ക് വെട്ടിമാറ്റിയതിനാണ് ജയചന്ദ്രൻ നായരെ മാധവൻ വിമർശിച്ചത്.
എം. സുകുമാരനെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കെ.എസ്. രവികുമാർ എഴുതിയ ലേഖനമാണ് ചർച്ചയായത്. കഥയിൽ, ‘വേണുകുമാരമേനോനെ തൂങ്ങിമരിച്ച നിലയിൽ കാണുേമ്പാൾ ആ തലയിൽ ഒരു ഗാന്ധിത്തൊപ്പിയുണ്ടായിരുന്നു, മുഷിഞ്ഞുനാറിയ ഗാന്ധിത്തൊപ്പി’ എന്നായിരുന്നു സുകുമാരൻ എഴുതിയിരുന്നത്. ‘നാറിയ’ എന്ന വാക്ക് വെട്ടിക്കളഞ്ഞാണ് കഥ പ്രസിദ്ധീകരിച്ചത്. അത് ഉചിതമായി എന്ന് സുകുമാരൻ പറഞ്ഞതായും രവികുമാർ എഴുതുന്നു.
ഇതിനോട് പ്രതികരിച്ച എൻ.എസ്. മാധവൻ, എഡിറ്റർ എം. ജയചന്ദ്രൻ നായർ ആ പണിക്ക് പറ്റാത്ത, മലയാളമറിയാത്ത മാർവാടി പത്രമുടമയുടെ ശേവുകനായിരുന്നു എന്ന് ട്വീറ്റ് ചെയ്തു. ജയചന്ദ്രൻ നായരുടെ ഇനീഷ്യൽ ‘എം’ അല്ല ‘എസ്’ ആണെന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മാധവെൻറ ‘ചെറ്റ’ പ്രയോഗം. ‘എം’ അല്ല, എസ്. ജയചന്ദ്രൻ നായർ എന്നാണ് പത്രാധിപചെറ്റയുടെ ഇനീഷ്യൽ എന്നായിരുന്നു മാധവൻ കൂട്ടിച്ചേർത്തത്.
വി.ടി. ബൽറാമിെൻറ പ്രതികരണം ഇങ്ങനെ: ‘‘ചേറിൽ പണിയെടുക്കുന്നവരും ചേറുകൊണ്ടുള്ള കുടിലുകൾ മാത്രം സ്വന്തമായുള്ളവരുമൊക്കെ സംസ്കാരശൂന്യരാണ് എന്ന പഴയ മാടമ്പി ധാർഷ്ട്യത്തിെൻറ സംഭാവനയാണ് ‘ചെറ്റ’ എന്ന അധിക്ഷേപവാക്കെന്നത് വിഖ്യാത കഥാകൃത്തിന് മനസ്സിലാകാത്തതുകൊണ്ടാകുമെന്ന് തോന്നുന്നില്ല. ഇത് പെർവെർഷനോ സെൽഫ് പ്രൊജക്ഷനോ എന്നേ ഇനി അറിയാനുള്ളൂ’’.
എ.കെ.ജിയെ ബാലപീഡകനായി ബൽറാം വിശേഷിപ്പിച്ച സംഭവത്തിലും മാധവൻ പ്രതികരിച്ചിരുന്നു. ‘ഒന്നുകിൽ ഇത് തികഞ്ഞ പെർവെർഷനാണ്(ലൈംഗിക വൈകൃതം), അല്ലെങ്കിൽ സെൽഫ് പ്രൊജക്ഷൻ എന്നായിരുന്നു ബൽറാമിനെതിരായ മാധവെൻറ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.