അരൂർ: ഗതാഗതം തിരിച്ചുവിടാതെയുള്ള റോഡുപണി മൂലം അരൂർ-ഇടക്കൊച്ചി റോഡിൽ ഗതാഗത സ്തംഭനം മണിക്കൂറുകൾ നീളുന്നു. തകർന്ന റോഡ് കുത്തിപ്പൊളിച്ച് നിരത്തി ദേശീയപാത നിലവാരത്തിൽ പുനർനിർമാണം നടത്തുകയാണ്. ഗതാഗതം പൂർണമായും തടഞ്ഞ് ധിറുതിയിൽ പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ആരുടെയൊക്കെയോ ഇടപെടൽ മൂലം ഗതാഗതം തിരിച്ചുവിടാതെ പുനർനിർമാണം ആരംഭിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾ വരെ സർവിസ് നടത്തുന്ന റോഡിലെ തടസ്സം മുൻകൂട്ടി അറിയിക്കേണ്ടതാണ്. എറണാകുളത്ത് വിവരം അറിയിച്ചിരുന്നെങ്കിൽ ബസുകൾ ബൈപാസ് വഴി തിരിച്ചുവിടാൻ കഴിയുമായിരുന്നെന്നും യാത്രക്കാരുടെ സൗകര്യാർഥം ഇടക്കൊച്ചിയിലേക്ക് ഓർഡിനറി സർവിസ് ആരംഭിക്കാൻ കഴിയുമായിരുന്നെന്നും കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോ അധികൃതർ പറഞ്ഞു. ചേർത്തല ഡിപ്പോയിലും വിവരമറിയിച്ച് ബസ് സർവിസ് ക്രമീകരിക്കാമായിരുന്നു. മുൻകരുതലോടെ ഗതാഗതം പൂർണമായി തടഞ്ഞ് റോഡ് നിർമാണം നടത്തിയിരുന്നെങ്കിൽ ആയിരക്കണക്കിന് യാത്രക്കാരുടെ ദുരിതം ഒഴിയുക മാത്രമല്ല, നിർമാണ വേഗം ഇരട്ടിയാക്കാൻ കഴിയുമായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നദ്‌വത്തുൽ ഇസ്‌ലാം യു.പി സ്കൂളിന് ഓവറോൾ കിരീടം വടുതല: തുറവൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗത്തിൽ നദ്‌വത്തുൽ ഇസ്‌ലാം യു.പി സ്കൂളിന് ഓവറോൾ കിരീടം. എൽ.പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. അറബിക് കലോത്സവത്തിൽ എൽ.പിയിലും യു.പിയിലും റണ്ണേഴ്സ് അപ് ട്രോഫിയും കരസ്ഥമാക്കി. സംസ്കൃത കലോത്സവത്തിൽ നാലാംസ്ഥാനത്ത് എത്തി. തുടർച്ചയായ 12ാം തവണയും ഒപ്പന മത്സരത്തിൽ ഒന്നാമതെത്തി. തുറവൂർ എ.ഇ.ഒ ട്രോഫികൾ ഹെഡ്മിസ്ട്രസ് കെ. ഇന്ദുമതിക്ക് കൈമാറി. ഉപജില്ല ശാസ്ത്ര മേളയിലെ വിവിധ വിഭാഗങ്ങളിലും വിജയിച്ചു. സാമൂഹികശാസ്ത്ര മേളയിലും പ്രവൃത്തിപരിചയ മേളയിലും ഓവറോൾ രണ്ടാംസ്ഥാനം നേടി. ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. സ്കൂൾ മാനേജർ ടി.എ. മുഹമ്മദ് കുട്ടി, ഹെഡ്മിസ്ട്രസ് കെ. ഇന്ദുമതി, പി.ടി.എ പ്രസിഡൻറ് ജലീൽ അരൂക്കുറ്റി, സെക്രട്ടറി പി.എ. അൻസാരി, വൈസ് പ്രസിഡൻറ് സുരേഷ് ബാബു, മദർ പി.ടി.എ പ്രസിഡൻറ് ഷറീന അമീർ എന്നിവർ വിദ്യാർഥികളെ അനുമോദിച്ചു. മാധ്യമം 'വായന' പദ്ധതിക്ക് തുടക്കം പൂച്ചാക്കൽ: പൂച്ചാക്കൽ പൊലീസ് സ്‌റ്റേഷനിൽ മാധ്യമം 'വായന' പദ്ധതിക്ക് തുടക്കം. വടുതല ഹോമിയോ ക്ലിനിക്കിലെ ഡോക്ടർ മിനിക്ക് വേണ്ടി പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് അംഗം വിജി ഉത്തമൻ എസ്.ഐ സഞ്ജു ജോസഫിന് പത്രം കൈമാറി. എ.എസ്.ഐ സുരേഷ് ബാബു, സീനിയർ സി.പി.ഒമാരായ സുനിൽ രാജ്, വിജയൻ, എസ്.എം.ഇമാരായ അസ്‍ലം കാട്ടുപുറം, സത്താർ ആന്നലത്തോട്, ഏരിയ കോ-ഓഡിനേറ്റർ സക്കറിയ, ജമാഅത്തെ ഇസ്‌ലാമി ഏരിയ സെക്രട്ടറി വി.എ. നാസിമുദ്ദീൻ, ശ്രീകണ്ഠേശ്വരം സ്കൂളിലെ എസ്.പി.സി കാഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.