കരിമണൽ ഖനനം: ഹൈകോടതി വിധി സർക്കാറിനും സി.പി.എമ്മിനും താൽക്കാലിക ആശ്വാസം

ആലപ്പുഴ: കരിമണൽ ഖനന നീക്കത്തിനെതിരെ ജനകീയപ്രക്ഷോഭം തുടരുന്നതിനിടെ ആദ്യം ഉണ്ടായ ഹൈകോടതി വിധി തിരിച്ചടിയായെങ്കിലും അനുകൂലമായി വെള്ളിയാഴ്ച വിധി വന്നത് സർക്കാറിനും സി.പി.എമ്മിനും താൽക്കാലിക ആശ്വാസമായി. ഇടതുമുന്നണിയെപോലും വിശ്വാസത്തിലെടുക്കാതെയും പാർട്ടിക്ക് അകത്തുനിന്നുതന്നെയുള്ള എതിർപ്പുകൾ വകവെക്കാതെയും നടത്തിയ നീക്കങ്ങൾക്ക് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ആദ്യ വിധി. കോടതി ഇടപെടലിനോടൊപ്പം പൊഴിയിലെ ആഴം കൂട്ടലിനെതിരെ ജനരോഷം ശക്തമായതും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ ഖനന വിവാദം തിരിച്ചടിയാകുമോയെന്ന് ആശങ്കപ്പെട്ടിരുന്ന സി.പി.എമ്മിന് വെള്ളിയാഴ്ചയിലെ വിധി പിടിവള്ളിയായി. സമരരംഗത്ത് ശക്തമായി നിലയുറപ്പിച്ച കോൺഗ്രസ് വിഷയത്തെ രാഷ്ട്രീയ നേട്ടമാക്കാനുള്ള ശ്രമത്തിലാണ്. ഇടതുമുന്നണിയിൽ തിരുത്തൽ ശക്തിയായി തുടരാനുള്ള ശ്രമത്തിൽനിന്ന് സി.പി.ഐയും പിന്നോട്ടുപോകാൻ തയാറല്ല. ഇത് സി.പി.എമ്മിന് തലവേദനയായി തുടരും. ശക്തമായ െപാലീസ് സന്നാഹത്തോടെ പൊഴിയിലെ ആഴംകൂട്ടലിന് തുടക്കം കുറിക്കാൻ കഴിഞ്ഞതിലൂടെ വലിയ ആത്മവിശ്വാസമാണ് ആദ്യം സർക്കാറിന് ഉണ്ടായത്. പ്രതിഷേധങ്ങളെ മറികടന്ന് നൂറുകണക്കിന് ലോറികളിൽ ടൺ കണക്കിന് മണ്ണാണ് കടത്തിയിരുന്നത്. സർക്കാർ നീക്കം കുട്ടനാടിനെ പ്രളയത്തിൽനിന്ന് പ്രതിരോധിക്കാനുള്ള ആത്മാർഥ നടപടികളുടെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസും സി.പി.ഐയും അടക്കം നിരവധി പ്രസ്ഥാനങ്ങൾ രംഗത്ത് വെന്നങ്കിലും നിയന്ത്രണങ്ങൾ മൂലം വലിയൊരു ജനരോഷമുണ്ടാക്കാൻ തുടക്കത്തിൽ കഴിഞ്ഞിരുന്നില്ല. വെൽഫെയർ പാർട്ടിയും എസ്.യു.സി.ഐയും മറ്റും ഒറ്റക്കും കൂട്ടായും സമരം ശക്തിപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്ന പേരിൽ പിന്തുണയുമായെത്തിയ പ്രതിപക്ഷ നേതാവിനെതിരെപോലും കേസെടുത്ത് സമരം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളെ മുളയിലേ നുള്ളാനും ദുർബലപ്പെടുത്താനും സർക്കാർ ജാഗ്രത പുലർത്തി. അപ്രതീക്ഷിതമായുണ്ടായ ജനരോഷത്തോടെ കാര്യങ്ങൾ കൈവിട്ട് പോയെന്ന വിലയിരുത്തലിൽ അതിനെ നേരിടാൻ ഏത് തന്ത്രം പയറ്റണമെന്ന് സർക്കാറും സി.പി.എമ്മും ആലോചിക്കുന്നതിനിെടയാണ് അനുകൂല വിധി വരുന്നത്. അതേസമയം, അണികളെ മാത്രം വിശ്വാസത്തിലെടുത്ത് ആഴം കൂട്ടൽ നടപടിക്ക് പിന്തുണ നൽകാൻ ഇനി പാർട്ടിക്ക് സാധിക്കില്ലെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്. ആഴം കൂട്ടൽ നടപടി സുതാര്യമായി നടത്തിയില്ലെങ്കിൽ നാണക്കേടാകുമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽതന്നെ ഉള്ളതിനാൽ കരുതലോടെ മാത്രമേ മുന്നോട്ട് നീങ്ങൂ. വി.ആർ. രാജമോഹൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.