ചാവക്കാട്: ചന്തമുള്ള ചാവക്കാടിെൻറ ബീച്ചിൽ ഉയരുന്നത് ദുർഗന്ധം. ബ്ലാങ്ങാട് ബീച്ചില്‍ മീന്‍ മാര്‍ക്കറ്റിലും സമീപത്തെ പ്രധാന റോഡിലും റോഡ് വക്കിലുമായി ഖര- ജല മാലിന്യമുണ്ടാക്കുന്ന ദുര്‍ഗന്ധം ബീച്ച് സന്ദര്‍ശകര്‍ക്കും പരിസരത്തുള്ള ഓട്ടോ ജീവനക്കാര്‍ക്കും ദുരിതമാകുന്നു. പുതിയ മീൻ മാർക്കറ്റ് ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തുറന്ന് പ്രവർത്തിക്കുന്നില്ലെന്ന പ്രതിഷേധം ശക്തമാകുമ്പോഴാണ് നിലവിലെ മാർക്കറ്റായ റോഡ് പരിസരം ദുർഗന്ധമുയർത്തുന്നത്. വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനം നേടിയെന്ന് അധികൃതര്‍ വാഴ്ത്തുന്ന ബ്ലാങ്ങാട് ബീച്ചിലാണ് ദീര്‍ഘ ദൂരത്ത് നിന്നെത്തുന്ന മീന്‍വണ്ടികള്‍ ദുര്‍ഗന്ധമുയര്‍ത്തുന്ന വെള്ളമൊഴിക്കുന്നത്. ഓരോ ദിവസവുെമത്തുന്ന ഡസന്‍ കണക്കിന് വലിയ മീന്‍വണ്ടികളിലെ കോള്‍ഡ് സ്റ്റോറേജില്‍ നിറയുന്ന മീന്‍ രക്തവും ഐസില്‍ നിന്നുള്ള വെള്ളവും കലര്‍ന്ന മാലിന്യം ഒഴിവാക്കുന്നത് ബ്ലാങ്ങാട് ബീച്ച് ജങ്ഷനു വടക്കു ഭാഗത്താണ്. ഇതേക്കുറിച്ച് നല്‍കിയ വാർത്തയെ തുടര്‍ന്ന് കുഴികൾ കരിങ്കൽ പൊടിയിട്ട് നികത്തി കാനകള്‍ വൃത്തിയാക്കിയിരുന്നു. മഴക്കാലമായതോടെയാണ് വീണ്ടും മാലിന്യം നിറയാന്‍ തുടങ്ങിയത്. തെര്‍മോകോളില്‍ പൊതിെഞ്ഞത്തുന്ന മീന്‍ പെട്ടികളിലേക്ക് മാറ്റിയ ശേഷം കേടുവന്ന തെര്‍മോക്കോളും പ്ലാസ്റ്റിക് കവറുകളും ഇവിടെ ഉപേക്ഷിക്കുകയാണ് കച്ചവടക്കാരുടെ പതിവ്. ഇവ കാനകളിലാണ് നിറഞ്ഞുകൂടുന്നത്. പ്രദേശത്തെ ഓട്ടോ തൊഴിലാളികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഐസും മീന്‍ രക്തവും നിറഞ്ഞ മാലിന്യം ആരും കാണുന്നില്ലെന്ന ഉറപ്പില്‍ മലിനജലം തുറന്നുവിടുന്നത് പതിവാണ്. ഇത് ഒഴുകിയെത്തുന്ന അഴുക്ക്ചാല്‍ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള ഖരമാലിന്യം തടഞ്ഞു നിര്‍ത്തുകയാണ്. മാലിന്യം ഒഴുകിപോകാന്‍ സംവിധാനമില്ലാത്തതിനാല്‍ ഓടകളില്‍ നിന്ന് അല്‍പം അകലെ കിളച്ചെടുത്ത കുഴിയിലേക്കാണ് എത്തുന്നത്. ഒഴുകി പോകാന്‍ മറ്റു മാര്‍ഗമില്ലാതെ കെട്ടിക്കിടക്കുന്ന മാലിന്യത്തിലേക്കാണ് പിന്നെയും മീന്‍ രക്തവും ഐസ് വെള്ളവും ലോറിക്കാര്‍ ഒഴുക്കി വിടുന്നത്. ഓരോ ദിവസവും പുലര്‍ച്ചെ നാല് മുതല്‍ എട്ടുവരെ ഈ റോഡിലാണ് മൊത്ത വ്യാപാരികളില്‍ നിന്ന് ചില്ലറ വിൽപനക്കാര്‍ മത്സ്യം വാങ്ങി പെട്ടികളിലാക്കുന്നത്. ഈ സമയം ഇതുവഴി പോകേണ്ട വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് നീങ്ങുന്നത്. അത്രക്കും തിരക്കുള്ള ഇവിടം സന്ദര്‍ശിക്കാന്‍ നഗരസഭ അധികൃതര്‍ തയ്യാറാകുന്നില്ല. റോഡിൽ കുഴികൾ പ്രത്യക്ഷപ്പെടുകയും മത്സ്യ രക്തവും മഴവെള്ളവും നിറഞ്ഞ് പച്ച നിറത്തിലായ മാലിന്യം ദേഹത്തും വസ്ത്രങ്ങളിലും തട്ടാതെ ഇതുവഴി ചെറുവാഹനങ്ങള്‍ ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മഴക്കാല പൂര്‍വ രോഗവും കൊതുകു ജന്യ രോഗവും പ്ലാസ്റ്റിക് നിരോധനവുമൊക്കെയായി നഗരസഭ വിവിധ പദ്ധതികള്‍ യഥാസമയം ഉദ്ഘാടനം ചെയ്യുന്നുണ്ടെങ്കിലും ബ്ലാങ്ങാട് കടപ്പുറത്ത് ഒന്നുമെത്തുന്നില്ല. പരാതിയെ തുടർന്ന് ആഘോഷമായി നടത്തുന്ന ശുചീകരണവും എങ്ങുമെത്തിയില്ല. ബ്ലാങ്ങാട്-ചാവക്കാട് റോഡിലുള്ള ഫിഷറീസ് ഓഫിസിനു മുന്നില്‍ പ്ലാസ്റ്റിക് കവറുകളുൾപ്പെടെയുള്ള ചപ്പുചവറുകള്‍ ദുര്‍ഗന്ധമാണുയര്‍ത്തുന്നത്. നഗരസഭയിലെ ആരോഗ്യ വകുപ്പും മറ്റ് അധികൃതരും ഈ മേഖലയില്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സമീപത്ത് മന്ത്രി കെ.ടി. ജലീൽ മാസങ്ങൾക്ക് മുമ്പ് ഉത്സവാന്തരീക്ഷത്തിൽ ഉദ്ഘാടനം ചെയ്തുപോയ ബ്ലാങ്ങാട് മത്സ്യമാർക്കറ്റ് അന്ന് തുറന്നതാണ്. ഗുരുവായൂർ ക്ഷേത്രത്തിലെ ഭക്തരുൾെപ്പടെ ആയിരക്കണക്കിന് സഞ്ചാരികൾക്ക് ബ്ലാങ്ങാട് ബീച്ചിൽ മൂക്ക് പൊത്താതെ കടലോരത്തെത്താനാവാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.