ദൈവപ്രീതിക്ക്​ മൃഗബലി തടയുന്ന നിയമം ശരിവെച്ച്​ ഹൈകോടതി

കൊച്ചി: സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും പരിസരങ്ങളിലും ദൈവപ്രീതിക്കായി പക്ഷി-മൃഗാദികളെ ബലിനൽകുന്നത് തടയുന്ന നിയമത്തിൻെറ സാധുത ഹൈകോടതി ശരിവെച്ചു. നിയമം വിവേചനപരവും ഭരണഘടനവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശികളായ ടി. മുരളീധരൻ, സി.വി. വിമൽ എന്നിവർ നൽകിയ ഹരജി തള്ളിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻെറ ഉത്തരവ്. മതപരമായി ഒഴിവാക്കാനാവാത്ത കർമമാണ് മൃഗ ബലിയെന്ന് തെളിയിക്കാൻ മതിയായ വസ്തുതകളില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള 1960ലെ നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതിയനുസരിച്ച് മതപരമായ ചടങ്ങുകൾക്ക് മൃഗങ്ങളെ കൊല്ലുന്നത് കുറ്റമല്ലാതായെങ്കിലും 1968ൽ സംസ്ഥാനം കൊണ്ടുവന്ന നിയമത്തിൽ പക്ഷികളെയും മൃഗങ്ങളെയും ബലി നൽകുന്നത് തടെഞ്ഞന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, മൃഗങ്ങളോടുള്ള ക്രൂരത നിരോധിച്ചുകൊണ്ടുള്ള 1960ലെ കേന്ദ്ര നിയമത്തിൻെറ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ നിയമം കൊണ്ടുവന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. മതപരമായി അനിവാര്യമായ ചടങ്ങാണ് ഇതെന്ന് ബോധ്യപ്പെടുത്താൻ ഹരജിക്കാർ മതിയായ വസ്തുതകൾ ഹാജരാക്കിയിട്ടില്ല. ഹിന്ദുമതത്തിലടക്കം ഒരു മതത്തിലും ഭക്ഷണത്തിനല്ലാതെ, ദൈവ പ്രീതിക്ക് മൃഗബലി അനിവാര്യമാണെന്ന് വ്യക്തമാക്കുന്ന വസ്തുതകളില്ല. ഏത് മതവിഭാഗക്കാരായാലും മതപരമായ ആചാരത്തിൻെറ പേരിലുള്ള ബലികർമത്തെ കേന്ദ്ര നിയമത്തിലും അനുവദിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന നിയമങ്ങൾ തമ്മിൽ ഇക്കാര്യത്തിൽ വൈരുധ്യമില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് ഹരജി തള്ളിയത്. മറ്റ് വിഭാഗക്കാർക്ക് മൃഗബലി അനുവദിക്കുന്നത് വിവേചനപരമാണെന്ന വാദത്തിൽ തുടരുന്നില്ലെന്ന് ഹരജിക്കാർ അറിയിച്ചതിനാൽ ഇക്കാര്യം പരിഗണിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.