മംഗളൂരു: നഗരത്തിൽ സ്വകാര്യ മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിന്റെ ആറാംനിലയിൽനിന്ന് ചാടി ജീവനൊടുക്കി. അമിത വണ്ണത്തെത്തുടർന്നുള്ള മാനസിക വിഷമവും നിരാശയും കാരണമാണ് ഒന്നാംവർഷ വിദ്യാർഥിനി പ്രകൃതി ഷെട്ടി (20) ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബെളഗാവി ജില്ലയിലെ അത്താനി സ്വദേശിനിയാണ് പ്രകൃതി.
അമിതവണ്ണം കുറക്കാനുള്ള ശ്രമങ്ങൾ ലക്ഷ്യത്തിലെത്താതായതോടെ ഏറെ മാനസിക വിഷമത്തിലായിരുന്നു. ആത്മഹത്യക്കുറിപ്പിലും ഇതുസംബന്ധിച്ച സൂചനകളാണുള്ളത്. ജീവിതം ഏറെ നിരർഥകമായി അനുഭവപ്പെടുന്നുവെന്നും അതിനാലാണ് ഈ കടുംകൈ ചെയ്യുന്നതെന്നും കുറിപ്പിലുണ്ട്. ‘എം.ബി.ബി.എസ് കോഴ്സ് പൂർത്തിയാക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, എന്റെ അമിതവണ്ണം എല്ലാത്തിനും വിലങ്ങുതടിയായി. തടി കുറക്കാനുള്ള ശ്രമങ്ങളെല്ലാം വൃഥാവിലാവുകയാണ്. അതേതുടർന്നുള്ള വിഷാദമാണ് എന്നെ ഇതിനു പ്രേരിപ്പിക്കുന്നത്’ -ആത്മഹത്യക്കുറിപ്പിൽ വിദ്യാർഥിനി എഴുതി. മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.