എ.സി വൈദ്യുതി ബസ് സർവിസ് ഉടൻ

ബംഗളൂരു: നഗരത്തിൽനിന്ന് ആറ് റൂട്ടുകളിൽ ശീതീകരിച്ച വൈദ്യുതി ബസുകൾ സർവിസ് നടത്താൻ കർണാടക ആർ.ടി.സി (കെ.എസ്.ആർ.ടി.സി) തീരുമാനം. കേന്ദ്ര സർക്കാറിന്റെ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് (ഫെയിം) പദ്ധതിപ്രകാരമാണ് നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സർവിസുകൾ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ 50 ബസുകളാണ് ഓടിക്കുകയെന്ന് കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു.

ബംഗളൂരുവിൽനിന്ന് മൈസൂരു, മടിക്കേരി, വീരാജ് പേട്ട്, ചിക്കമഗളൂരു, ദാവൻഗരെ, ശിവമൊഗ്ഗ എന്നിവിടങ്ങളിലേക്കാണ് സർവിസ്. നിലവിൽ കർണാടക ആർ.ടി.സി ലാഭത്തിൽ സർവിസ് നടത്തുന്ന പ്രധാന റൂട്ടുകളിലാണ് വൈദ്യുതി ബസുകൾ ഇറക്കുന്നത്.

10 വർഷത്തേക്ക് സ്വകാര്യ കരാറുകാർക്കാണ് നടത്തിപ്പു ചുമതല. ഓപറേഷനൽ ചെലവിനത്തിൽ കിലോമീറ്ററിന് 55 രൂപ എന്ന നിലയിൽ കെ.എസ്.ആർ.ടി.സി പണം നൽകും. വൈദ്യുതി ചാർജും നൽകും. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയെയാണ് സർവിസ് നടത്തിപ്പിനായി തിരഞ്ഞെടുത്തതെന്ന് അധികൃതർ അറിയിച്ചു. ഡിസംബറിൽ ബസിന്റെ മോഡൽ എത്തുമെന്ന് തുടർന്ന് ഘട്ടം ഘട്ടമായി ബസുകൾ ഈ റൂട്ടുകളിൽ ഇറക്കുമെന്നും അവർ വ്യക്തമാക്കി.

ഈ റൂട്ടുകളിൽ വൈദ്യുതി ബസ് സർവിസ് സുഗമമാക്കുന്നതിന് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. മെജസ്റ്റിക്കിന് പുറമെ, അതത് ഡിപ്പോകളിലാണ് ചാർജിങ് സംവിധാനം ഒരുക്കുക. ഒറ്റത്തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ബസിന് കഴിയും.

ഒരു ദിവസം ചുരുങ്ങിയത് ഈ ബസുകൾ 450 കിലോമീറ്റർ വീതം സർവിസ് നടത്തണമെന്നാണ് കരാർ. ഒരു ബസിന് 55 ലക്ഷം രൂപ സബ്സിഡിയായി ഓപറേറ്റർക്ക് കൈമാറും. ഡ്രൈവറടക്കമുള്ള ജീവനക്കാരുടെ വേതനവും അറ്റകുറ്റപ്പണിയടക്കമുള്ള മറ്റു ചെലവുകളും 10 വർഷത്തേക്ക് നടത്തിപ്പുകാർ വഹിക്കണമെന്നാണ് കരാർ പ്രകാരമുള്ള ധാരണ. 

Tags:    
News Summary - AC electricity bus service soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.