ബംഗളൂരു: സത്യത്തിൽ സൗന്ദര്യം ചേരുമ്പോഴാണ് ഉത്തമ സാഹിത്യവും കലയും പിറവി കൊള്ളുന്നതെന്ന് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് അഭിപ്രായപ്പെട്ടു. ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ ‘സാഹിത്യം: അനുഭവം, ആഖ്യാനം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അനുഭവത്തിന്റെ വൈവിധ്യമാർന്ന തലങ്ങളിലൂടെ സഞ്ചരിക്കുകയും അസാധാരണമായ അനുഭവങ്ങളെ നെഞ്ചേറ്റുകയും പിന്നീട് ആഖ്യാനിക്കുകയും ചെയ്തവരാണ് മലയാളത്തിലെ ഏറ്റവും തലപ്പൊക്കമുള്ള എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിനെ പോലുള്ള സാഹിത്യകാരന്മാർ. ബാല്യകാലസഖി എഴുതാനുണ്ടായ സാഹചര്യം സ്വന്തം അനുഭവത്തിൽനിന്നുള്ള അതീന്ദ്രിയജ്ഞാനത്തിൽനിന്നാണ് അദ്ദേഹത്തിനു സംജാതമായത്. എന്നാൽ, താനെഴുതിയിട്ടുള്ള പല പരിസ്ഥിതി കഥകളും പിന്നീട് അനുഭവമായി മാറിയിട്ടുണ്ട്.
ചില വിഷയങ്ങളും തോന്നലുകളും തന്റെ മനസ്സിൽ വരുകയും അത് കഥകളിലേക്ക് പരിവർത്തിക്കപ്പെടുകയും ചെയ്യുമ്പോൾ അതിലൊക്കെ സമൂഹത്തിന് നൽകാനുള്ള സന്ദേശങ്ങൾ ഉണ്ടായിരിക്കാറുണ്ട്. പരിസ്ഥിതി കഥകളിൽ എഴുതിയ സന്ദേഹങ്ങൾ പിന്നീട് യാഥാർഥ്യമായിട്ടുള്ള സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൻഡോസൾഫാൻ വിഷയത്തിൽ മാത്രം എൺപതോളം ലേഖനങ്ങൾ എഴുതിയിരുന്നു. എഴുത്ത് ഒരു സമരപ്രവർത്തനവും സാമൂഹിക പ്രവർത്തനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡെക്കാൻ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുനിങ്ങാട്, ആർ.വി. ആചാരി, ശാന്തകുമാർ എലപ്പുള്ളി, ബിന്ദു സജീവ്, വിന്നി ഗംഗാധരൻ, ജി. ജോയ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.