മംഗളൂരു: കർണാടക കേഡറിലെ 35 ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം. ചൊവ്വാഴ്ച സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്റെ ഭാഗമായി ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലും സ്ഥാനചലനം. മംഗളൂരു സിറ്റി പൊലീസ് കമീഷണർ, ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട്, തീര സുരക്ഷാ പൊലീസ് സൂപ്രണ്ട് എന്നീ കസേരകളിലാണ് മാറ്റം.
കഴിഞ്ഞ ഫെബ്രുവരി 24ന് മംഗളൂരു സിറ്റി പൊലീസ് കമീഷണറായ 2011 ബാച്ച് ഐ.പി.എസ് കുൽദീപ് കുമാർ ആർ. ജയിനിനെ മാറ്റി പകരം അനുപം അഗർവാളിനെ നിയമിച്ചു. 2008 ബാച്ച് ഐ.പി.എസുകാരനായ ഇദ്ദേഹം നോർത്ത് ഈസ്റ്റ് മേഖല ഐ.ജി, മൈസൂരു പൊലീസ് അക്കാദമി ഡയറക്ടർ, ബംഗളൂരു ഡെപ്യൂട്ടി പൊലീസ് കമീഷണർ, വിജയപുര ജില്ല പൊലീസ് സൂപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സ്ഥലംമാറ്റിയ കുൽദീപ് കുമാർ ആർ. ജയിനിന് പുതിയ സ്ഥലം നൽകിയിട്ടില്ല.
മംഗളൂരുവിൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി പൊലീസ് കമീഷണർ അൻഷു കുമാറിനെ ഉഡുപ്പി ജില്ല തീര സുരക്ഷാ പൊലീസ് സൂപ്രണ്ടായി നിയമിച്ചു.
ഈ ചുമതല വഹിച്ചിരുന്ന മംഗളൂരു മൂഡബിദ്രി സ്വദേശി അബ്ദുൽ അഹദ് പുത്തിഗെയെ ബംഗളൂരു സിറ്റി സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി കമീഷണറായാണ് നിയമിച്ചത്. ബംഗളൂരു ആന്റി കറപ്ഷൻ ബ്യൂറോ പൊലീസ് സൂപ്രണ്ട്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്.പി, കർണാടക റിസർവ് പൊലീസ് കമാൻഡന്റ് എന്നീ നിലകളിൽ സേവനം ചെയ്തു. ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹകായ് അക്ഷയ് മച്ചിന്ദ്രയെ മാറ്റി പകരം ഡോ. കെ. അരുണിനെ നിയമിച്ചു. കലബുറുഗി എസ്.പിയായും പൊലീസ് ട്രെയിനിങ് സെന്റർ പ്രിൻസിപ്പലായും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.