ബംഗളൂരു: ‘ആര്യ ഈഡിഗ വികസന കോർപറേഷൻ’ രൂപവത്കരിക്കുമെന്നും ‘നാരായണ ഗുരു ഭവന’ എന്ന പേരിൽ ഹാൾ നിർമിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനൽകി. ബംഗളൂരു രവീന്ദ്ര കലാക്ഷേത്രയിൽ കന്നട സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില ക്ഷേത്രങ്ങളിൽ ഭക്തർ പ്രവേശിക്കുമ്പോൾ വസ്ത്രങ്ങൾ അഴിപ്പിക്കുന്ന ആചാരം മനുഷ്യത്വപരമല്ലെന്ന് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാരാണ്. ഒരാളുടെ വസ്ത്രം അഴിപ്പിച്ചു മാത്രമേ ചില ക്ഷേത്രങ്ങളിൽ കയറാൻ കഴിയൂ എന്നത് മനുഷ്യത്വപരമല്ല. ദൈവത്തെ ആരാധിക്കുന്നതിന്റെ പേരിൽ നടക്കുന്ന അസമത്വത്തിന്റെയും വിവേചനത്തിന്റെയും രീതിയാണത്.
എന്നാൽ, മതത്തിന്റെയും ജാതിയുടെയും പേരിലുയരുന്ന സംഘർഷങ്ങൾ ദൈവത്തെ അപമാനിക്കുന്നതു പോലെയാണെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഇന്നത്തെപ്പോലെ ശ്രീനാരായണ ഗുരുവിന്റെ കാലത്തും ജാതി-മത കലഹങ്ങൾ ഉണ്ടായിരുന്നു. സമൂഹത്തെ ചിന്തയിലൂടെ അദ്ദേഹം മാറ്റിയെടുത്തു. വിവേചനത്തിനെതിരായ പുതിയ ആരാധനരീതി ശ്രീനാരായണ ഗുരു കണ്ടെത്തി. പ്രവേശനം തടയുന്ന ക്ഷേത്രത്തിലേക്ക് പ്രവേശിക്കേണ്ടെന്ന് അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു.
ഇഷ്ട ആരാധനമൂർത്തികളെ വെച്ച് ക്ഷേത്രങ്ങൾ പണിയാൻ അദ്ദേഹം ആഹ്വാനം നൽകി. ശ്രീനാരായണ ഗുരുവിന്റെ സാമൂഹിക പരിഷ്കരണംകൊണ്ട് കേരളത്തിൽ 60 പുതിയ ക്ഷേത്രങ്ങളാണ് നിർമിക്കപ്പെട്ടത്. അദ്ദേഹം നിർമിച്ച ക്ഷേത്രം താഴ്ന്ന ജാതിക്കാർക്കായി അദ്ദേഹം തുറന്നുനൽകി. താഴ്ന്ന ജാതിക്കാരുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി. സ്വാതന്ത്ര്യത്തിനും സാമൂഹിക ശാക്തീകരണത്തിനും വിദ്യാഭ്യാസം വഴിവെക്കുമെന്ന് അദ്ദേഹം പഠിപ്പിച്ചു.
താൻ ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ആളായി ശ്രീനാരായണ ഗുരു സ്വയം കണ്ടിരുന്നില്ലെന്നും വിശ്വപൗരനായി ജീവിച്ച അദ്ദേഹം ജാതി-മത- വർണങ്ങളെ മറികടന്നതായും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. വിശ്വമാനവനായ ശ്രീനാരായണ ഗുരുവിന്റെ ജയന്തി ആഘോഷം സംഘടിപ്പിക്കാൻ മുൻകൈ എടുക്കണമെന്ന് കേന്ദ്ര സർക്കാറിനോട് അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സൂളുർ ആര്യ അഡിഗ മഹാസമസ്താനയിലെ സ്വാമി, കന്നട സാംസ്കാരിക മന്ത്രി ടി. ശിവരാജ്, വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, എം.എൽ.എ ഗോപാല കൃഷ്ണ ബേലൂർ, ആര്യ അഡിഗ സമാജ പ്രസിഡന്റ് ഡോ. എം. തിമ്മെഗൗഡ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.