ബംഗളൂരു: കർണാടകയിലെ മംഗളൂരു, കുടക്, ശിവമൊഗ്ഗ തുടങ്ങിയ പ്രദേശത്തെ ഖാദിയായ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ബംഗളൂരു ഖാദിയായി സസ്ഥാനമേറ്റെടുത്തു. കെ.ജി ഹള്ളി സി.എം.എ കൺവെൻഷൻ സെന്ററിൽ നടന്ന ഫസൽ കോയമ്മ തങ്ങൾ അനുസ്മരണ ചടങ്ങിലാണ് സ്ഥാനാരോഹണം നടന്നത്.
വയനാട്ടിലെ പ്രകൃതിദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്നും ദുരന്തത്തിന്റെ വ്യാപ്തി നിർണയിക്കാൻ പറ്റാത്തവിധം വലുതാണെന്നും സ്ഥാനാരോഹണ ശേഷം നടന്ന പ്രസംഗത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഖാദി പദവി വലിയൊരു ഉത്തരവാദിത്തമാണെന്നും പദവി ഏൽപിച്ച മഹല്ലുകൾ അതിന്റെ ഔന്നത്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മൈസൂരു, ഹൊസൂർ, രാംനഗർ, തുംകൂർ, കെ.ജി.എഫ് തുടങ്ങിയ മഹല്ലുകളടക്കം അമ്പതോളം മഹല്ലുകളുടെ പ്രതിനിധികൾ കാന്തപുരത്തെ ഖാദിയായി ബൈഅത്ത് ചെയ്തു. സി.എം. ഇബ്രാഹിം പ്രസിഡന്റും ശാഫി സഅദി ജനറൽ സെക്രട്ടറിയുമായ ബംഗളൂരു സംയുക്ത മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ പ്രഖ്യാപനവും കാന്തപുരം നടത്തി.
എൻ.കെ.എം. ശാഫി സഅദിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. തൻവീർ ഹാശ്മി ശബീറലി ഹസ്റത്ത്, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സുഫ്യാൻ സഖാഫി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ഹഫീള് സഅദി, മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അബു സുഫ്യാൻ, ജഅഫർ നൂറാനി ഉർദു അക്കാദമി ചെയർമാൻ മൗലാന മുഹമ്മദലി ഖാസി തുടങ്ങിയവർ സംസാരിച്ചു.
വഖഫ് ബോർഡ് ചെയർമാൻ അൻവർ പാഷ, ഇഫ്തികാർ, റോഷൻ ബേഗ്, സി.എം. ഫാഇസ്, നസീർ അഹ്മദ് എം.എൽ.സി, ജി.എ ബാവ കെ.സി.എഫ് ഇന്റർ നാഷനൽ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് അബൂദബി, സൽമാൻ പ്രസിണ്ടൻ സി, റിയാസ് സുൽതാൻ ഗോൾഡ് തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ ഉന്നതർ സംബന്ധിച്ചു. അനസ് സിദ്ദീഖി സ്വാഗതവും അബ്ദുറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.