ബംഗളൂരു: ചില കാര്യങ്ങളിലെങ്കിലും ബംഗളൂരു ട്രാഫിക് പൊലീസ് പൊളിയാണ്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ബംഗളൂരുവിലെ ഫെലിക്സ് രാജിനാണ് ഗതാഗത നിയമലംഘനം നടത്തിയതിന് പിഴ അടക്കണമെന്നാവശ്യപ്പെട്ട് ട്രാഫിക് പൊലീസിന്റെ ചലാൻ ലഭിച്ചത്. ഫെലിക്സ് സ്കൂട്ടർ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്നതായിരുന്നു കുറ്റം. ചലാനൊപ്പം സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റും നിയമലംഘനം നടന്ന സ്ഥലവും സമയവുമടക്കമുള്ള പൊലീസിന്റെ അറിയിപ്പും ഫോണിൽ വന്നിരുന്നു. എന്നാൽ, ഇതിനെ ചോദ്യം ചെയ്ത് ഫെലിക്സ് ട്വിറ്ററിൽ പോസ്റ്റിട്ടു.
താൻ നിയമലംഘനം നടത്തിയതിന്റെ തെളിവ് വേണമെന്നും നിലവിൽ സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റിന്റെ ഫോട്ടോ മാത്രമാണ് പൊലീസ് തന്നിരിക്കുന്നതെന്നും ഇത് പോരെന്നുമായിരുന്നു പോസ്റ്റ്.
കഴിഞ്ഞ തവണയും തനിക്ക് പിഴ കിട്ടിയെന്നും മറുത്തൊന്നും പറയാതെ താൻ പിഴ അടച്ചിരുന്നുവെന്നും എന്നാൽ, ഇത്തവണ നിയമലംഘനത്തിന്റെ തെളിവ് വേണമെന്നുമായിരുന്നു ഫെലിക്സിന്റെ ആവശ്യം. ബംഗളൂരു പൊലീസ് അല്ലേ, നിമിഷനേരംകൊണ്ട് ഫെലിക്സ് ഹെൽമറ്റില്ലാതെ സ്കൂട്ടർ ഓടിക്കുന്നതിന്റെ നല്ല തെളിമയുള്ള ഫോട്ടോ പൊലീസ് ട്വിറ്ററിൽ തന്നെ അയച്ചുകൊടുത്തു. ഒക്ടോബർ രണ്ടിന് ഉച്ചക്കുശേഷം 2.58ന് എടുത്ത ഫോട്ടോ ആയിരുന്നു അത്. ഇത് കണ്ടയുടൻ ഫെലിക്സിന്റെ മറുപടിയും വന്നു. 'ബംഗളൂരു പൊലീസ്, നിങ്ങൾ പൊളി' ആണെന്നും തനിക്ക് തെളിവ് കിട്ടിയെന്നും ഇനി പിഴ അടക്കുമെന്നുമാണ് ഇദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തത്. നഗരത്തിന്റെ മിക്കയിടങ്ങളിലും നിയമലംഘനങ്ങൾ കണ്ടെത്താൻ ട്രാഫിക് പൊലീസ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ പതിഞ്ഞ ചിത്രമായിരുന്നു ഫെലിക്സിന് അധികൃതർ അയച്ചുകൊടുത്തത്. ഏതായാലും വാഹനമോടിക്കുമ്പോൾ നിയമലംഘനം വേണ്ട, ഫോട്ടോ അടക്കമുള്ള തെളിവുകളുമായാണ് പൊലീസിന്റെ പുറപ്പാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.