ബംഗളൂരു: കർണാടകയിൽ എത്തിയ ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്താനും മുടക്കാനും ശ്രമിച്ചാൽ പാഠം പഠിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ മുന്നറിയിപ്പ് നൽകി. അത്തരക്കാരെ പുറത്തിറങ്ങി നടക്കാൻ അനുവദിക്കില്ല. ആറുമാസത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരും. മാറ്റം സാധ്യമാണ്. ബി.ജെ.പിയോടൊപ്പംനിന്ന് യാത്രക്ക് തടസ്സമുണ്ടാക്കാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയും യോജിച്ച പാഠംപഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്ക് ഗുണ്ടൽപേട്ടയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ പ്രശ്നങ്ങൾ മൂലം രാജ്യം പൊറുതിമുട്ടുകയാണ്. ഇന്ത്യയിൽ അതൃപ്തി പടരുകയാണ്. അഴിമതി വ്യാപകമാണ്. സർക്കാറിന്‍റെ ഏതു പ്രവൃത്തികൾ നടക്കണമെങ്കിലും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും 40 ശതമാനം കമീഷൻ നൽകണമെന്ന് കരാറുകാരുടെ സംഘടന ഈയടുത്ത് ആരോപിച്ചിട്ടുണ്ട്. കർണാടക സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്.
നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം വർഗീയതയും വിഭാഗീയ-വിദ്വേഷ രാഷ്ട്രീയവുമാണ് നടക്കുന്നത്. ദലിതുകൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, കർഷകർ എന്നിവർക്കെല്ലാം ഉള്ളിൽ ഭയമാണ്. ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമില്ലാത്തവരാണ് ബി.ജെ.പി. അവർ ഒറ്റ നേതാവ്, ഒറ്റ ആശയസംഹിത, ഒറ്റ ചിഹ്നം എന്നിവയിലാണ് വിശ്വസിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.