ബംഗളൂരു: കർണാടക സർക്കാർ എടുക്കുന്ന കേസുകളിൽ ബി.ജെ.പി, സംഘ്പരിവാർ പ്രവർത്തകർക്ക് നിയമസഹായം നൽകാൻ ബി.ജെ.പി ഹെൽപ് ലൈൻ തുടങ്ങി. 18003091907 എന്ന നമ്പറിൽ പ്രവർത്തകർക്ക് 24 മണിക്കൂറും നിയമസഹായം ലഭിക്കും. അഭിഭാഷകരടങ്ങുന്ന സംഘമാണ് ഇതിന് നേതൃത്വം നൽകുന്നത്. ബംഗളൂരുവിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ അടക്കമുള്ള നേതാക്കളാണ് ഹെൽപ് ലൈൻ നമ്പർ പുറത്തിറക്കിയത്.
ബി.ജെ.പി സർക്കാറിന്റെ കാലത്ത് ചെയ്തതുപോലെ വർഗീയ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് സിദ്ധരാമയ്യ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റിടുന്നവരെ ഉടൻ അറസ്റ്റ് െചയ്യുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും പറഞ്ഞിരുന്നു. ഇതിനകം ഇത്തരത്തിലുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് സംഘ്പരിവാർ പ്രവർത്തകരെ പൊലീസ് അറസ്റ്റ് െചയ്തിട്ടുണ്ട്.
ഇതോടെയാണ് പ്രതിരോധവുമായി ബി.ജെ.പി രംഗത്തെത്തിയത്. തങ്ങളുെട പ്രവർത്തകരെ അനാവശ്യമായി പൊലീസ് കേസിൽ ഉൾപ്പെടുത്തുകയാണെന്നും അവർക്ക് നിയമസഹായം നൽകുകയാണ് ഹെൽപ് ലൈനിലൂടെ ചെയ്യുന്നതെന്നും നേതാക്കൾ പറഞ്ഞു. വിദ്വേഷ പ്രചാരണം തടയാനും അത്തരക്കാരെ കണ്ടെത്തുന്നതിനും സർക്കാർതലത്തിൽ ഹെൽപ് ലൈൻ ആരംഭിക്കുമെന്ന് സർക്കാറും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.