ബംഗളൂരു: രാജ്യത്തിന്റെ ഐ.ടി തലസ്ഥാനമെന്നറിയപ്പെടുന്ന ബംഗളൂരുവിൽ സൈബർ തട്ടിപ്പുകൾ കുതിച്ചുയരുമ്പോഴും സൈബർ പൊലീസ് ഹെൽപ് ലൈൻ നമ്പറുകളിൽ പലതും പ്രവർത്തനരഹിതം. പരാതി അറിയിക്കാൻ വിളിച്ചാൽ ഫോണെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സൈബർ തട്ടിപ്പുകാർ മുതിർന്നവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
അതുകൊണ്ട് തന്നെ ഫോണെടുക്കാത്തത് കനത്ത പ്രയാസം സൃഷ്ടിക്കുന്നെന്ന് ഒട്ടേറെപ്പേർ ചൂണ്ടിക്കാണിക്കുന്നു. തട്ടിപ്പ് നടന്നയുടൻ പ്രതികരിച്ചാൽ മാത്രമേ പണം തിരിച്ചു പിടിക്കാനാവൂ. ഈ വർഷം നവംബർ വരെയുള്ള കണക്കനുസരിച്ച് 2600 കോടി രൂപയുടെ തട്ടിപ്പാണ് കർണാടകയിൽ നടന്നത്. കഴിഞ്ഞ വർഷം 700 കോടി രൂപയായിരുന്ന സ്ഥാനത്താണിത്. ഇതിൽ 50 ശതമാനം പണവും ഇൻവെസ്റ്റ്മെന്റ് തട്ടിപ്പിലൂടെയും ഡിജിറ്റൽ അറസ്റ്റിലൂടെയുമാണ് നടന്നിട്ടുള്ളത്. ഇത്തരം തട്ടിപ്പുകളുടെ പേരിൽ രജിസ്റ്റർ ചെയ്ത 641 കേസുകളിൽ 480 എണ്ണവും ബംഗളൂരുവിലാണ്.
പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് കേസിൽ പ്രതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടലാണ് പുതിയ രീതി. സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ പൊലീസ് ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിച്ചുകൊണ്ട് ശക്തമായ നടപടിയെടുത്തുവരുകയാണെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടയിലാണ് സൈബർ പൊലീസിന്റെ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ചാൽ കിട്ടാത്തത് വ്യാപക പരാതിക്കിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.