മംഗളൂരു: മൈസൂരു രാജകൊട്ടാരത്തിൽ പ്രധാനമന്ത്രി പ്രാതൽ അഥവ പ്രഥമ അമൃതേത്ത് കഴിഞ്ഞ് പുറന്തള്ളിയ ഏമ്പക്കമാണിപ്പോൾ കുടക് -മൈസൂരു ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പിയിൽ പ്രകമ്പനം. 2022 ജൂൺ 21ന് അത്യുന്നതങ്ങളിൽ നടന്ന ആ വിരുന്നിന്റെ എച്ചിലിനൊപ്പം സിറ്റിങ് എം.പി പ്രതാപ് സിംഹയെയും നരേന്ദ്ര മോദി പുറന്തള്ളിയിരുന്നു എന്ന വിവരം അടക്കംപറച്ചിൽ കടന്ന് അന്തരീക്ഷത്തിൽ വ്യാപിക്കുകയാണ്.
മഹാറാണി പ്രമോദ ദേവി തമ്പുരാട്ടി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കർണാടക ഗവർണർ താവർചന്ദ് ഗെഹ് ലോട്ട്, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എം.എൽ.എ, കുടക് നിയുക്ത ബി.ജെ.പി സ്ഥാനാർഥി യദുവീർ കൃഷ്ണദത്ത ചാമരാജ വഡിയാർ, യദുവീറിന്റെ ഭാര്യയും ബി.ജെ.പിയുടെ രാജ്യസഭ എം.പിയായിരുന്ന രാജസ്ഥാൻ രാജകുടുംബാംഗം ഹർഷവർധൻ സിങ്ങിന്റെ മകളുമായ തൃഷിക കുമാരി വഡിയാർ, മകൻ ആദ്യവീർ നരസിംഹരാജ വഡിയാർ എന്നിവർക്ക് പ്രത്യേകമായി ഒരുക്കിയ ഇടത്തായിരുന്നു ആ കൊട്ടാര പ്രാതൽ.യദുവീറിന്റെ പേര് ഉൾപ്പെട്ട സ്ഥാനാർഥിപ്പട്ടിക ഡൽഹിയിൽ പുറത്തിറങ്ങിയ ബുധനാഴ്ച വൈകീട്ട് മണ്ഡലത്തിൽ പ്രതാപ് സിംഹക്ക് ആദരവ് ചടങ്ങുകൾ നടക്കുകയായിരുന്നു.
കൊട്ടാരം പ്രാതലിന് പിന്നാലെ ആ വർഷം ഒക്ടോബറിൽ ബംഗളൂരു -മൈസൂരു ടിപ്പു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ പേര് മൈസൂരു കൊട്ടാരം വാഴുന്നോരുടെ പ്രീതിക്കായി റെയിൽവേ ബോർഡ് വൊഡെയാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എന്ന് മാറ്റിയിരുന്നു.
48കാരനായ പ്രതാപ് സിംഹക്ക് മൂന്നാമൂഴം നിഷേധിക്കാനുള്ള പ്രായമായില്ല. പ്രാദേശിക വികസന ഫണ്ട് -എം.പി ലാഡ്-വിനിയോഗത്തിൽ സിംഹ മികവ് പുലർത്തി എന്ന് ബി.ജെ.പി പ്രവർത്തകർ അവകാശപ്പെടുന്നു. എന്നാൽ, യദുവീറിന്റെ രാഷ്ട്രീയ പ്രവേശനത്തിനായി പ്രതാപ് സിംഹയെ പിൻവലിക്കുകയായിരുന്നു ബി.ജെ.പി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.