ബംഗളൂരു: രാഹുൽഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ പ്രതിരോധിക്കാനായി ബി.ജെ.പിയുടെ 'ജനസങ്കൽപ് യാത്ര' തുടങ്ങി. മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലാണ് യാത്ര. സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ ജനങ്ങൾക്കുവേണ്ടി എന്തൊക്കെ ചെയ്തു എന്നത് ജനങ്ങളോട് വിശദീകരിക്കാനാണ് യാത്രയെന്ന് നേതാക്കൾ പറഞ്ഞു.
റായ്ചൂരിൽ നിന്ന് തുടങ്ങിയ യാത്രയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പങ്കെടുത്തു. കൊപ്പാൾ, വിജയനഗർ, ബെള്ളാരി എന്നീ ജില്ലകളിൽ രണ്ടു ദിവസത്തിനുള്ളിൽ പര്യടനം നടത്തും. അതേസമയം, കോൺഗ്രസിന്റെ യാത്രയെ പ്രതിരോധിക്കാനുള്ളതാണ് ബി.ജെ.പിയുടെ 'ജനസങ്കൽപ് യാത്ര'യെന്നത് ശരിയല്ലെന്ന് മന്ത്രി സി.എൻ. അശ്വത് നാരായൺ പറഞ്ഞു. എല്ലാ പാർട്ടികൾക്കും അവരുടേതായ പ്രവർത്തന പരിപാടികൾ ഉണ്ടാകും. ഞങ്ങൾ ഞങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. കോൺഗ്രസ് ഇപ്പോഴാണ് ഉറക്കം ഉണർന്നത്. എന്നാൽ, ബി.ജെ.പി എപ്പോഴും ജനങ്ങളുടെ കൂടെയാണെന്നും മന്ത്രി പറഞ്ഞു.
വിവിധ തരത്തിലുള്ള ഏഴ് റാലികൾ കൂടി സംസ്ഥാനത്ത് നടത്താൻ ബി.ജെ.പി തയാറെടുക്കുകയാണ്. എസ്.സി മോർച്ചയുടെ നേതൃത്വത്തിൽ ഒക്ടോബർ 16 ന് മൈസൂരുവിൽ പട്ടികജാതി റാലി നടത്തും. 30ന് ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിൽ കലബുറഗിയിൽ ഒ.ബി.സി മാർച്ചും നടത്തും.
നവംബർ 27ന് യുവമോർച്ച യുവയാത്ര ശിവമൊഗ്ഗയിൽ നടത്തും. നവംബർ 27ന് എസ്.ടി. മോർച്ച ബെള്ളാരിയിലും റാലി നടത്തും. ഡിസംബർ 25ന് മഹിളമോർച്ചയുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ സ്ത്രീകളുടെ മാർച്ചും നടത്തും. വിജയപുരയിൽ മൈനോറിറ്റി മോർച്ചയുടെ നേതൃത്വത്തിൽ ജനുവരി എട്ടിന് ന്യൂനപക്ഷ റാലിയും നടത്തുന്നുണ്ട്.
രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ബി.ജെ.പി സർക്കാറിനും ആർ.എസ്.എസിനുമെതിരെ ഉന്നയിക്കുന്ന കടുത്ത വിമർശനങ്ങൾക്കു മുന്നിൽ വിയർക്കുകയാണ് കർണാടകയിലെ പാർട്ടിയും സർക്കാറും.
ബൊമ്മൈ സർക്കാറിന്റെ വർഗീയ ചേരിതിരിവിനും വെറുപ്പ് പ്രചരിപ്പിക്കലിനും അഴിമതിക്കുമെതിരെ കടുത്ത ആക്രമണമാണ് രാഹുൽ നടത്തുന്നത്. വിവിധയിടങ്ങളിൽ വൻ സ്വീകരണമാണ് ജോഡോ യാത്രക്ക് ലഭിക്കുന്നത്. കേന്ദ്രസർക്കാറും ആർ.എസ്.എസും ജാതിയുടെയും മതത്തിന്റേയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ഇതിനെ തോൽപിച്ച് ഇന്ത്യയെ ഒന്നിപ്പിക്കുകയാണ് യാത്രയിലൂടെ കോൺഗ്രസ് ചെയ്യുന്നതെന്നുമാണ് രാഹുലിന്റെ പ്രധാന പ്രചാരണം. യാത്രക്ക് ഒരു പ്രതിഫലനവും ഉണ്ടാക്കാനാകുന്നില്ലെന്നും അവഗണിക്കുകയാണെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ, രാഹുലിന് മറുപടി നൽകാൻ മുഖ്യമന്ത്രി ബൊമ്മൈ തന്നെ നിർബന്ധിതനായിട്ടുണ്ട്. എല്ലാവരെയും ഒന്നായി കാണുകയും തുല്യത നൽകുന്നതുമായ സർക്കാറാണ് തന്റേതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, ജോഡോ യാത്രയെ പതിവ് 'ദേശവിരുദ്ധത' ഉപയോഗിച്ച് തന്നെയാണ് ബി.ജെ.പി എതിർക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.