ബംഗളൂരു: വഖഫ് ഭൂമി വിവാദത്തിൽ കർണാടകയിൽ പ്രതിഷേധവുമായി ബി.ജെ.പി. വിജയപുര ജില്ലയിലടക്കം കർഷകരുടെ ഭൂമി വഖഫ് ഭൂമിയെന്ന് അടയാളപ്പെടുത്തിയത് കോൺഗ്രസ് സർക്കാറിന്റെ ‘ലാൻഡ് ജിഹാദ്’ ആണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. വഖഫ് മന്ത്രി സമീർ അഹമ്മദ് ഖാനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
വഖഫ് ഭൂമി വിവാദത്തിൽ കർഷകർക്ക് നൽകിയ എല്ലാ നോട്ടീസും അടിയന്തരമായി പിൻവലിക്കാൻ ശനിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. ഭൂരേഖകളിൽ അനധികൃതമായി വരുത്തിയ ഭേദഗതികൾ റദ്ദാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഉത്തരവിന് ശേഷവും പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോവാനാണ് ബി.ജെ.പി തീരുമാനം. വിജയപുര ജില്ലയിലെ ഒരു വിഭാഗം കർഷകരാണ് വഖഫ് ഭൂമി വിഷയവുമായി ആദ്യം രംഗത്തുവന്നത്. പിന്നാലെ ബെള്ളാരി, ഹാവേരി അടക്കമുള്ള ജില്ലകളിലെ ഏതാനും കർഷകരും പരാതി ഉന്നയിച്ചു. തങ്ങളുടെ കൃഷി ഭൂമി വഖഫ് ഭൂമിയെന്ന് രേഖപ്പെടുത്തിയതായും ഒഴിയണമെന്ന് ജില്ല അധികൃതർ നോട്ടീസ് നൽകിയതായുമായാണ് കർഷകരുടെ പരാതി.
വിജയപുര തികോട്ട താലൂക്കിൽ ഉൾപ്പെടുന്ന ഹൊനവാദ്, ഇൻഡി താലൂക്കിൽ ഉൾപ്പെടുന്ന നെഹള്ളി വില്ലേജുകളിലെ 1500 ഏക്കർ ഭൂമി ഒഴിയണമെന്നാവശ്യപ്പെട്ട് വഖഫ് ബോർഡ് നോട്ടീസ് നൽകിയതോടെയാണ് കർഷകർ പ്രതിഷേധവുമായി രംഗത്തുവന്നത്. ഇതിനു പിന്നാലെ വിവാദ നോട്ടീസ് പിൻവലിക്കാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചിരുന്നു.
പഴയ ഗസറ്റിൽവന്ന പിഴവാണ് തെറ്റായ രീതിയിൽ നോട്ടീസ് അയക്കാൻ കാരണമായതെന്ന് വിജയപുര ജില്ല ചുമതലയുള്ള മന്ത്രി എം.ബി. പാട്ടീൽ വ്യക്തമാക്കി. 1974ൽ ഹൊനവാദ് വില്ലേജിലെ ഭൂമി അബദ്ധവശാൽ ഗസറ്റ് വിജ്ഞാപനത്തിൽ ഉൾപ്പെടുകയായിരുന്നെന്നും ഈ ഭൂമി യഥാർഥത്തിൽ മഹൽ ഭാഗ് സർവേ നമ്പറിൽ പെട്ടതാണെന്നും എം.ബി. പാട്ടീൽ വിശദീകരിച്ചു. 1977ൽ ഈ തെറ്റ് വഖഫ് ബോർഡ് തിരുത്തിയിരുന്നു.
10 ഏക്കർ ഖബർസ്ഥാൻ മാത്രമാണ് പ്രസ്തുത വില്ലേജിൽ വഖഫ് ഭൂമിയായുള്ളത് എന്നായിരുന്നു തിരുത്തൽ. ബാക്കി വരുന്ന 1200 ഏക്കർ (1974ൽ വഖഫ് ഭൂമിയായി രേഖപ്പെടുത്തിയത്) കർഷകരുടേതാണെന്നും കർഷകരുടെ ഒരിഞ്ചു ഭൂമി പോലും വഖഫ് ഭൂമിയിൽ വരില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.