ചന്ദ്രയാൻ കുതിക്കുന്നു; അമ്പിളി തൊടാൻ ഇനി 1,437 കി.മീ.

ബംഗളൂരു: രണ്ടാമത് ചാന്ദ്രഭ്രമണപഥം താഴ്ത്തലും വിജയമായതോടെ ‘ചന്ദ്രയാൻ-മൂന്ന്’ചന്ദ്രനിലേക്ക് കൂടുതൽ അടുത്തു. നിലവിലുള്ള പഥത്തിൽനിന്ന് താഴത്തേതിലേക്ക് പേടകത്തെ താഴ്ത്തുന്ന ദൗത്യം ബുധനാഴ്ചയാണ് നടത്തിയത്. ഐ.എസ്.ആർ.ഒയുടെ ബംഗളൂരുവിലെ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാന്റ് നെറ്റ്‍വർക്കാണ് (ഇസ്ട്രാക്) പേടകത്തെ കൂടുതൽ അടുപ്പിച്ചത്.

ഇതോടെ പേടകം ചന്ദ്രന്റെ 1,437 കി.മീ. അരികിലെത്തി. ചന്ദ്രനിൽനിന്ന് 174 കി.മീ. അടുത്തും 1437 കി.മീ. അകലെയുമുള്ള പഥത്തിലാണ് പേടകം ഇപ്പോഴുള്ളത്. അടുത്ത ഭ്രമണപഥം താഴ്ത്തൽ ആഗസ്റ്റ് 14ന് രാവിലെ 11.30നും 12.30നും ഇടയിലായിരിക്കും. അവസാനത്തേതും അഞ്ചാമത്തേതുമായ പഥം താഴ്ത്തൽ ആഗസ്റ്റ് 14നും നടക്കും. ചന്ദ്രനിൽനിന്ന് 100 കി.മീ. അകലെയും 30 കി.മീ. അടുത്തുമുള്ള ഒടുവിലത്തെ പഥത്തിൽ ആഗസ്റ്റ് 17നാണ് എത്തുക.

തുടർന്ന് പ്രൊപൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ മൊഡ്യൂൾ വേർപ്പെടും. ആഗസ്റ്റ് 23ന് വൈകീട്ട് 5.47ന് ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തോട് ചേർന്നുള്ള മാൻസിനസ് ക്രേറ്റർ ഭാഗത്ത് ലാൻഡറിനെ സുരക്ഷിതമായി ഇറക്കാൻ കഴിഞ്ഞാൽ ദൗത്യം വിജയകരമാകും. അപ്പോഴേക്കും പേടകം ഏകദേശം 3.84 ലക്ഷം കി.മീ. ദൂരം സഞ്ചരിച്ചിട്ടുണ്ടാകും.

ഭൂമിയുടെ ആറിലൊന്ന് ഗുരുത്വാകർഷണബലം മാത്രമുള്ള ചന്ദ്രനിലെ സുരക്ഷിതഇറക്കം ഏറെ ശ്രമകരമാണ്. ചന്ദ്രയാൻ-രണ്ട് ഈ ദൗത്യത്തിനിടെയാണ് തകർന്നത്. എന്നാൽ, എന്തൊക്കെ സംഭവിച്ചാലും പേടകം പ്രതീക്ഷിച്ചപോലെതന്നെ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ‘ദിശ ഭാരത്’ എന്ന എൻ.ജി.ഒ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാം പരാജയപ്പെട്ടാലും എല്ലാ സെൻസറുകളും പ്രവർത്തനരഹിതമായാലും എൻജിനുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽപോലും പ്രൊപ്പൽഷൻ സിസ്റ്റത്തിന് പ്രശ്നമുണ്ടാകില്ല. ഇതിനാൽതന്നെ ലാൻഡറിന് സുരക്ഷിതമായി ഇറങ്ങാനാകും. അങ്ങനെയാണ് അത് രൂപകൽപന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 14നാണ് ചന്ദ്രയാൻ-മൂന്നിനെയും വഹിച്ച് എൽ.വി.എം-3 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്ന് കുതിച്ചത്. ചാന്ദ്രവലയത്തിലേക്ക് പേടകം പ്രവേശിക്കുന്നതിനിടയിൽ ചന്ദ്രയാൻ പകർത്തിയ 45 സെക്കൻഡുള്ള ചന്ദ്രന്റെ ആദ്യ ദൃശ്യം ഐ.എസ്.ആർ.ഒ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Tags:    
News Summary - Chandrayaan leaps; 1,437 km to reach Ambili.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.