ബംഗളൂരു: നഗരത്തിൽ നടുറോഡിൽ വാഹനമോടിക്കുന്നവർ തമ്മിൽ വഴക്കിടുന്നത് കൂടുന്നു. നഗരത്തിന്റെ വിവിധയിടങ്ങളിലായി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നിരവധി സംഭവങ്ങളാണ് ഈയടുത്ത കാലങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഇലക്ട്രോണിക് സിറ്റിക്കടുത്ത് വെച്ച് കാറിൽ സഞ്ചരിച്ചിരുന്ന ആറംഗ സംഘം സ്കൂൾ ബസ് തടയുകയും ബസിന് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹെബ്ബഗൊഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്കൂൾ കുട്ടികളുള്ള വാഹനത്തെ ആക്രമിച്ചത് രക്ഷിതാക്കൾക്കിടയിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മറ്റൊരു സംഭവത്തിൽ എം.ജി റോഡിൽ നടുറോഡിൽ ബൈക്ക് യാത്രികൻ ബി.എം.ടി.സിയുടെ എയർപോർട്ടിലേക്കുള്ള വായുവജ്ര ബസ് തടഞ്ഞിരുന്നു.
ബൈക്ക് യാത്രികൻ നടുറോഡിൽ നിർത്തി ബസ് ഡ്രൈവറുമായി വഴക്കിടുകയും തുടർന്ന് ബസിനു മുന്നിൽ ബൈക്ക് നിർത്തുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. റോഡിലെ വഴക്കിനെത്തുടർന്ന് വാഹനമോടിച്ചിരുന്ന സ്ത്രീക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ കേസുകൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിദ്യരായനപുരയിൽ വഴക്കിനെത്തുടർന്ന് ബൈക്കിനെ പിന്തുടർന്ന കാറിടിച്ച് ബൈക്ക് യാത്രികൻ കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയായിരുന്നു. മനുഷ്യരുടെ വ്യക്തിപരമായ കാരണങ്ങൾക്കൊപ്പം ട്രാഫിക്, ശബ്ദ മലിനീകരണം, കാലാവസ്ഥ, കോവിഡാനന്തര കാലത്തെ മനുഷ്യരുടെ മാനസിക നില, ജോലി ഭാരം തുടങ്ങിയ കാരണങ്ങളാണ് വർധിച്ചു വരുന്ന ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായി മനഃശാസ്ത്രഞ്ജർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം സംഭവങ്ങൾ മനുഷ്യരുടെ ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും പലതരത്തിൽ ഗുരുതരമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
എന്തെങ്കിലും പ്രശ്നമുണ്ടാവുകയാണെങ്കിൽ വാഹനത്തിന്റെ നമ്പർ ശ്രദ്ധിക്കുകയും നമ്മ ഹെൽപ് ലൈൻ നമ്പറായ 112ൽ വിളിച്ചോ 112 എന്ന ആപ്പിലൂടെയോ പൊലീസിനെ അറിയിക്കുകയും പൊലീസെത്തിയതിന് ശേഷം വിവരങ്ങൾ നൽകുകയുമാണ് വേണ്ടതെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.