മംഗളൂരു: കലകളോടുള്ള താൽപര്യം വളർത്തിയെടുക്കുന്നതിൽ കലാലയങ്ങളിൽ നടത്തുന്ന ശിൽപശാലകൾക്ക് വലിയ പങ്കുണ്ടെന്ന് നടൻ പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച സെന്റ് അലോഷ്യസ് കൽപിത സർവകലാശാല കാമ്പസിൽ ‘ബിയോണ്ട് ദ സ്കോർ - റിഥം’ ചതുർദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ കോളജ് കാലഘട്ടത്തിൽ, സിലബസ് പഠിക്കുന്നതിനൊപ്പം കവിതയെ നിരൂപണം ചെയ്യാനും ഞങ്ങളുടെ കന്നട അധ്യാപകർ പ്രോത്സാഹിപ്പിച്ചു.
ഇത് സാഹിത്യത്തോടുള്ള അഭിനിവേശം വളർത്തിയെടുക്കാൻ സഹായിച്ചു. അലോഷ്യസ് കോളജിൽ ഉത്സവം പോലെ ആഘോഷിക്കുന്ന ഇത്തരം ശിൽപശാലകൾ കാണുമ്പോൾ സന്തോഷമുണ്ട്. ചെറുപ്പത്തിൽ തന്നെ കലകളോടുള്ള താൽപര്യവും വിശ്വാസവും അവബോധവും വളർത്തിയെടുക്കണമെന്ന് പ്രകാശ് രാജ് പറഞ്ഞു. വൈസ് ചാൻസലർ റവ. ഡോ. പ്രവീൺ മാർട്ടിസ് മുഖ്യാതിഥിയായി. അനുഷ് ഷെട്ടി, ക്രിസ്റ്റഫർ ഡിസൂസ, ശ്രീകാന്ത് സ്വാമി, മുന്ന മൈസൂരു, കൃഷ്ണ ചൈതന്യ സ്വീഡൽ ഡിസൂസ എന്നിവർ സംസാരിച്ചു. പ്രകാശ് രാജ് നയിക്കുന്ന ശിൽപശാല ജനുവരി അഞ്ചുവരെ നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.