ബംഗളൂരു: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ എ.ഐ ഉപയോഗിച്ച് നിര്‍മിച്ച നഗ്നചിത്രം ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതായി മാതാപിതാക്കൾ സൈബര്‍ ക്രൈം സെല്ലിൽ പരാതി നല്കി. നഗരത്തിലെ പ്രമുഖ സി.ബി.എസ്.ഇ സ്കൂളിലെ വിദ്യാർഥിനിയുടെ നഗ്നചിത്രമാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്. കൗമാരക്കാരിയായ മകളുടെയും മറ്റൊരു വിദ്യാർഥിനിയുടെയും നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചതായി പരാതിയില്‍ പറയുന്നു. സ്കൂളിന്റെ പേരിലുള്ള 50ല്‍പരം അംഗങ്ങളുള്ള അനൗദ്യോഗിക ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ ഈ മാസം 24നാണ് ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍നിന്ന് ചിത്രങ്ങളെടുത്ത് മുഖം വേര്‍തിരിച്ച് എ.ഐ ഉപയോഗിച്ച് നഗ്നചിത്രങ്ങള്‍ തയാറാക്കുകയായിരുന്നെന്ന് മാതാപിതാക്കള്‍ സംശയിക്കുന്നു.വ്യാജ ഐ.ഡി ഉപയോഗിച്ച് ഈ ചിത്രങ്ങള്‍ സ്കൂളിന്റെ ഗ്രൂപ്പില്‍ പങ്കുവെക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്. സൈബര്‍ സെല്‍ ഐ.പി അഡ്രസ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്കൂള്‍ തലത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് സ്കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.