ഹു​ബ്ബ​ള്ളി-​ധാ​ര്‍വാ​ഡ് മേ​യ​ര്‍ക്കെ​തി​രെ കോ​ൺ​ഗ്ര​സ്​ പ​തി​ച്ച ‘പേ ​മേ​യ​ര്‍’ പോ​സ്റ്റ​റു​ക​ൾ

അഴിമതി: 'പേ സി.എമ്മി'ന് പിന്നാലെ 'പേ മേയര്‍' പ്രതിഷേധവുമായി കോണ്‍ഗ്രസ്

ബംഗളൂരു: ഹുബ്ബള്ളി-ധാര്‍വാഡ് മേയര്‍ ഇരീഷ് അഞ്ജതഗേരിക്കെതിരെയും കോൺഗ്രസിന്‍റെ വ്യത്യസ്ത പ്രതിഷേധം. മേയർക്കെതിരെ 'പേ മേയര്‍' പ്രചാരണവുമായാണ് പാർട്ടി രംഗത്തെത്തിയിരിക്കുന്നത്.ഹുബ്ബള്ളി ധാര്‍വാഡ് കോർപറേഷന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടിക്ക് 1.5 കോടി രൂപ ചെലവായെന്ന മേയറുടെ പരാമര്‍ശത്തെത്തുടര്‍ന്നാണ് പ്രചാരണം. പരിപാടിയുടെ പേരില്‍ വന്‍തുക മുക്കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസ് മാന്യതയുടെ അതിരുകള്‍ ലംഘിക്കുന്ന രാഷ്ട്രീയ പ്രചാരണമാണ് നടത്തുന്നതെന്നും ഇരീഷ് അഞ്ജതഗേരി പ്രതികരിച്ചു.

ആദ്യഘട്ടത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് കോൺഗ്രസ് പ്രചാരണം തുടങ്ങിയത്. എന്നാൽ പിന്നീട് യു.പി.ഐ ആപ്പായ പേടിഎമ്മിന്‍റെ ലോഗോയുടെ മാതൃകയില്‍ തയാറാക്കിയ 'പേ മേയര്‍' പോസ്റ്ററുകള്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പതിച്ചു. 1.5 കോടി ചെലവായെന്ന് മേയര്‍ അവകാശപ്പെടുന്ന ചടങ്ങിലെ ഭക്ഷണവിതരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിയത് സന്നദ്ധ സംഘടനയാണ്. ഇത് പൂര്‍ണമായും സൗജന്യമായിരുന്നു. പിന്നീട് എങ്ങനെയാണ് വലിയ തുക ചെലവായതെന്ന് മേയര്‍ വിശദീകരിക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.

പോസ്റ്ററുകള്‍ പതിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഹുബ്ബള്ളി-ധാര്‍വാഡ് മുനിസിപ്പല്‍ കോർപറേഷന്‍ (എച്ച്.ഡി.എം.സി) കമീഷണര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച സർക്കാറിന്റെ അഴിമതിക്കെതിരെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കെതിരെ കോൺഗ്രസ് 'പേ സി.എം' പോസ്റ്റർ പ്രചാരണം നടത്തിയിരുന്നു.

'പേടിഎമ്മി'നോട് സാദൃശ്യമുള്ള പോസ്റ്ററിൽ ക്യു.ആര്‍ കോഡും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ചിത്രവുമുണ്ടായിരുന്നു. '40 ശതമാനം ഇവിടെ സ്വീകരിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍. ഇതിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ 40percentsarkara.com എന്ന വെബ്സൈറ്റിലേക്കാണ് പോവുക. പൊതുജനങ്ങൾക്ക് സർക്കാറിന്റെ അഴിമതിക്കെതിരെ പരാതി നൽകാനായി ഈയിടെ കോൺഗ്രസ് തുടങ്ങിയ വെബ്സൈറ്റാണിത്. കോൺഗ്രസിന്‍റെ പോസ്റ്ററുകൾ ബി.ജെ.പിക്ക് ഏറെ അലോസരമുണ്ടാക്കിയിരുന്നു.

Tags:    
News Summary - Congress with 'Pay Mayor' protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.