ശിൽപി കൃഷ്ണ നായ്ക് 

വിവാദ പരശുരാമൻ പ്രതിമ: ശിൽപി കൃഷ്ണ നായ്ക് മാഹിയിൽ അറസ്റ്റിൽ

മംഗളൂരു: ഉഡുപ്പി ജില്ലയിൽ കാർക്കളക്കടുത്ത ഉമിക്കൽ മലയിലെ തീം പാർക്കിൽ സ്ഥാപിച്ച പരശുരാമൻ പ്രതിമയുടെ മറവിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലെ പ്രതി ക്രിഷ് ആർട്ട് വേൾഡിലെ ശിൽപി കൃഷ്ണ നായ്കിനെ കാർക്കള പൊലീസ് ഞായറാഴ്ച മാഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു. തനിക്കെതിരായ കേസ് തള്ളണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം സമർപ്പിച്ച ഹരജി ഉഡുപ്പി അഡി. ജില്ല കോടതിയും കർണാടക ഹൈകോടതിയും തള്ളിയിരുന്നു.

ക്രമക്കേടുകൾ നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ചായിരുന്നു തള്ളിയത്. ഇതേതുടർന്ന് പൊലീസ് ശിൽപിക്കായി അന്വേഷണത്തിലായിരുന്നു. വെങ്കലം എന്ന വ്യാജേന ഫൈബർ പ്രതിമ സ്ഥാപിച്ചതിനാൽ തകർന്നെന്നായിരുന്നു കേസിനാസ്പദമായ പരാതി. പ്രതിമ നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉഡുപ്പി ജില്ല നിർമിതി കേന്ദ്ര പ്രോജക്ട് ഡയറക്ടർ കെ. അരുൺ കുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. കാർക്കള നള്ളൂരിലെ കൃഷ്ണ ഷെട്ടിയുടെ പരാതിയിലാണ് ശിൽപിക്കെതിരെ കേസെടുത്തതും അരുൺ കുമാറിനെ സസ്പെൻഡ് ചെയ്തതും. പ്രതിമ സ്ഥാപിക്കാൻ കൃഷ്ണ നായ്ക് ഉഡുപ്പി നിർമിതി കേന്ദ്രയിൽ നിന്ന് 1.30 കോടി കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. ഈ ക്രമക്കേടുകൾ നിർമിതി കേന്ദ്ര ഡയറക്ടറുടെ അറിവോടെയാണെന്ന സൂചന ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നത്.

11.05 കോടി രൂപയുടെ പദ്ധതിക്ക് 6.72 കോടി രൂപ നിർമിതി കേന്ദ്രക്ക് അനുവദിച്ചിരുന്നു. നിർമാണത്തിലെ നിലവാരമില്ലായ്മ കാരണം അപകടാവസ്ഥയിലായ പ്രതിമ അധികൃതർ ഒളിപ്പിച്ചു കടത്തിക്കൊണ്ടുപോയത് കോൺഗ്രസ് നേതാക്കളും നാട്ടുകാരുമാണ് പുറത്തുകൊണ്ടുവന്നത്.കഴിഞ്ഞ വർഷം ജനുവരി 27ന് അനാച്ഛാദനം ചെയ്ത വെങ്കലപ്രതിമക്ക് ഗുണനിലവാരം ഇല്ലെന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു. ആ വർഷം മേയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്നത്തെ കർണാടക ഊർജ മന്ത്രി കാർക്കള എം.എൽ.എ വി. സുനിൽ കുമാർ തന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായ പ്രതിമ ഉദ്ഘാടനം ചെയ്യുകയായിരുന്നെന്ന് ആക്ഷേപം ഉയർന്നിരുന്നു. 

Tags:    
News Summary - Controversial Parasurama statue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.