ബംഗളൂരു: കേന്ദ്രത്തിൽനിന്ന് വരൾച്ചാ സഹായം തേടാൻ പോയ മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ആഡംബര ജെറ്റിൽ യാത്ര ചെയ്തതു സംബന്ധിച്ച് കർണാടകയിൽ വിവാദം. സംസ്ഥാനം വരൾച്ചക്കെടുതി അഭിമുഖീകരിക്കുമ്പോൾ മുഖ്യമന്ത്രി ആഡംബര ജെറ്റിൽ സഞ്ചരിക്കുകയാണെന്നാണ് ബി.ജെ.പിയുടെ വിമർശനം. മുഖ്യമന്ത്രി സിദ്ധരാമയ്യ, റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ, ഹജ്ജ് -വഖഫ് മന്ത്രി സമീർ അഹമ്മദ് ഖാൻ എന്നിവർ സ്വകാര്യ ആഡംബര ജെറ്റിൽ സഞ്ചരിക്കുന്ന വിഡിയോ ദൃശ്യം ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചു. വിളനാശം കൊണ്ടും മഴ ലഭിക്കാതെയും കർഷകർ പ്രയാസപ്പെടുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര ജീവിതം ആസ്വദിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വരൾച്ചാ ദുരിതാശ്വാസത്തിന് സഹായം തേടി മടങ്ങവെയാണ് ഈ ആഡംബര സഞ്ചാരമെന്നും നമ്മൾ നേരിട്ട ദുരന്തത്തെ പരിഹസിക്കുകയാണ് ഈ പ്രവൃത്തിയിലൂടെ ചെയ്തതെന്നും വിജയേന്ദ്ര വിമർശിച്ചു.
സിദ്ധരാമയ്യ ഡൽഹിയിൽ വന്നത് കോൺഗ്രസിലെ കാര്യങ്ങൾക്കായാണെന്നായിരുന്നു കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ പ്രതികരണം. കർണാടകയിലെ ബോർഡുകളിലെയും കോർപറേഷനുകളിലെയും നിയമനം സംബന്ധിച്ച കാര്യത്തിനാണ് സിദ്ധരാമയ്യ വന്നത്. സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള തർക്കം അവർക്ക് പരിഹരിക്കേണ്ടതുണ്ടായിരുന്നു. ഡൽഹി സന്ദർശനത്തിനിടെ പ്രധാനമന്ത്രിയെയും കണ്ടു. ഡൽഹിക്കും ബംഗളൂരുവിനുമിടയിൽ നിരവധി വിമാന സർവിസുകളുണ്ട്. വരൾച്ചാ കാലത്ത് ആഡംബര വിമാനത്തിൽ സഞ്ചരിക്കേണ്ട കാര്യമെന്തായിരുന്നു? സംസ്ഥാന സർക്കാർ ഒരു നഷ്ടപരിഹാരവും ഇതുവരെ നൽകിയിട്ടില്ല. കർണാടകയിലെ ജനങ്ങളെ നിന്ദിക്കലാണിത് -ജോഷി കുറ്റപ്പെടുത്തി.
എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കുന്നത് ഏത് വിമാനത്തിലാണെന്ന ചോദ്യവുമായാണ് സിദ്ധരാമയ്യ ബി.ജെ.പിയുടെ വിമർശനത്തെ നേരിട്ടത്. മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വിവാദത്തെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോൾ ബി.ജെ.പി നേതാക്കൾക്കെതിരെ രൂക്ഷമായാണ് സിദ്ധരാമയ്യ പ്രതികരിച്ചത്. ‘ഏത് വിമാനത്തിലാണ് മോദി സഞ്ചരിക്കുന്നത്? ഈ ചോദ്യം ആദ്യം ബി.ജെ.പി നേതാക്കളോട് ചോദിക്കൂ. അത്തരമൊരു വിമാനത്തിൽ മോദി ഒറ്റക്ക് സഞ്ചരിക്കുന്നതെന്തിനാണ്? ബി.ജെ.പി നേതാക്കൾക്ക് വായിൽതോന്നുന്നതെല്ലാം വിളിച്ചുപറയാം’- സിദ്ധരാമയ്യ പറഞ്ഞു. തുടർന്ന് മാധ്യമപ്രവർത്തകരുടെ മറ്റു ചോദ്യങ്ങൾ വകവെക്കാതെ അദ്ദേഹം നടന്നുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.