ബംഗളൂരു: കർണാടകയിൽ അഴിമതി സ്ഥാപനവത്കരിക്കപ്പെട്ടുകഴിഞ്ഞതായും ഈ വെല്ലുവിളി തടയാനും ഇല്ലാതാക്കാനും സർക്കാർ ഭരണപരമായും നിയമപരമായും നടപടികൾ എടുക്കുമെന്നും ഗവർണർ തവാർ ചന്ദ് ഗെഹ്ലോട്ട് പറഞ്ഞു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ ഇരുസഭകളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾ കേന്ദ്രമായുള്ള സമ്പദ്വ്യവസ്ഥയുണ്ടാക്കുന്ന കാര്യത്തിൽ വരുന്ന അഞ്ച് വർഷം സംസ്ഥാന സർക്കാർ ശ്രദ്ധചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തിനായി നിരവധി സംഭാവനകൾ നൽകുന്ന സംസ്ഥാനമാണ് കർണാടക. എന്നാൽ, നിലവിൽ സംസ്ഥാനത്തിന് സാമ്പത്തിക പരാധീനതകളുണ്ട്. ഇത് മറികടക്കാനുള്ള നടപടികൾക്ക് സർക്കാർ മുൻഗണന നൽകും. വിവിധ സമൂഹങ്ങളും മതങ്ങളും തമ്മിലുള്ള വിവേചനങ്ങളും വ്യത്യാസങ്ങളും സൃഷ്ടിക്കപ്പെടുന്നത് ഇടുങ്ങിയ ചിന്താഗതിയിൽ നിന്നാണ്. സമാധാനപൂർണവും സ്നേഹവുമുള്ള സമൂഹത്തിന്റെ നിർമിതിക്കായി സർക്കാർ നടപടിയെടുക്കും.
നമ്മുടെ വിവിധ സംവിധാനങ്ങളിലെ സകലമേഖലകളിലും അഴിമതി സജീവമാണ്. പലവിധ കാരണങ്ങളാൽ അഴിമതി സ്ഥാപനവത്കരിക്കപ്പെട്ടു. ഇത് ഇല്ലായ്മ ചെയ്യലാണ് പ്രധാന വെല്ലുവിളി. ഇതിനാവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും. അന്നഭാഗ്യ പദ്ധതിയിൽ അഞ്ചുകിലോ അരി സൗജന്യമായും ബാക്കിവരുന്ന അഞ്ച് കിലോ അരിക്ക് തുല്യമായ പണം അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ എല്ലാ മാസവും നിക്ഷേപിക്കുമെന്നും ഗവർണർ പറഞ്ഞു. കിലോക്ക് 34 രൂപ നിരക്കിലാണ് പണം നൽകുക.
പദ്ധതിക്കുകീഴിൽ വിതരണം ചെയ്യേണ്ട അരി സംസ്ഥാനത്ത് എത്തുന്നതുവരെ ഈ സംവിധാനം തുടരും. അന്നഭാഗ്യ പദ്ധതി, ഇന്ദിര കാന്റീൻ പദ്ധതി എന്നിവ വഴി വിശപ്പുരഹിത സംസ്ഥാനമായി കർണാടക മാറുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മുതൽ പത്തുദിവസമാണ് സമ്മേളനം. ഏഴിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് അവതരിപ്പിക്കും. 3.3 ലക്ഷം കോടി മുതൽ 3.35 ലക്ഷം കോടി രൂപ വരെയുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നാണ് സൂചനകൾ. കഴിഞ്ഞ തവണത്തെ ബി.ജെ.പി സർക്കാർ 3.09 ലക്ഷം കോടിയുടെ ബജറ്റാണ് അവതരിപ്പിച്ചത്.
കോൺഗ്രസ് സർക്കാർ അധികാരത്തിലേറി 50ൽ അധികം ദിവസങ്ങൾ പിന്നിട്ട സാഹചര്യത്തിൽ നടക്കുന്ന നിയമസഭ സമ്മേളനത്തിന്റെ വരും ദിവസങ്ങൾ പ്രതിപക്ഷം വിവിധ വിഷയങ്ങളിൽ കടുത്ത പ്രതിഷേധമുയർത്തും. മതപരിവർത്തന നിരോധന നിയമം റദ്ദാക്കുന്ന ബിൽ, പാഠപുസ്തകങ്ങളിലെ കാവിവത്കരണം തിരുത്തൽ, ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾ, കാർഷിക വിപണികൾ (എ.പി.എം.സി) സംബന്ധിച്ച പുതിയ നിയമം, വിവിധ ജില്ലകലെ വരൾച്ച, മലിനജലം കുടിച്ചുള്ള മരണം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.