ബംഗളൂരു: ഉടൻ നടക്കാനിരിക്കുന്ന അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉറപ്പായും പരാജയപ്പെടുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കുന്നതിനായാണ് അവരിപ്പോൾ തിരക്കുപിടിച്ച് സമ്പന്നരായ ബിസിനസുകാരുടെയും കരാറുകാരുടെയും വീടുകളിൽ ഇ.ഡിയെയും ആദായനികുതി വിഭാഗത്തെയും കൂട്ടുപിടിച്ച് റെയ്ഡ് നടത്തുന്നതെന്നും ആരോപിച്ചു. അവർക്കിപ്പോൾ പഴയപോലെ ഫണ്ട് ലഭിക്കുന്നില്ല. കാരണം ഫണ്ടിന്റെ 40 ശതമാനവും ലഭിച്ചിരുന്നത് കർണാടകയിൽ നിന്നായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിൽ ജനങ്ങളോട് പറയാനുള്ള മറുപടി ജെ.പി. നഡ്ഡ ഇപ്പോഴേ കണ്ടെത്തുന്നത് നല്ലതായിരിക്കുമെന്നും സിദ്ധരാമയ്യ പരിഹസിച്ചു.
കർണാടകയിൽ നടത്തിയ റെയ്ഡിൽ കോടികളുടെ പണം പിടിച്ചെടുത്തുവെന്നും ഇതെല്ലാം കോൺഗ്രസുമായി ബന്ധപ്പെട്ട ആളുകളിൽനിന്നുമാണെന്ന ബി.ജെ.പിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു സിദ്ധരാമയ്യ.
കർണാടകയിൽനിന്നായിരുന്നു ബി.ജെ.പിയുടെ 40 ശതമാനം കമീഷനും വന്നുകൊണ്ടിരുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയതോടെ അത് നിലച്ചു. പകരം റെയ്ഡ് വഴി പണം പിടിച്ചെടുക്കുകയാണ്. പണം സ്വരൂപിക്കാൻ ഇ.ഡിയും ആദായ നികുതി വകുപ്പും സമ്പന്നരെ ഭീഷണിപ്പെടുത്തുകയാണ്. സമീപകാലത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ പരിശോധിച്ചാൽ അഞ്ചുസംസ്ഥാനങ്ങളിൽ ബി.ജെ.പി വൻ പരാജയം ഏറ്റുവാങ്ങുമെന്നത് ഉറപ്പാണെന്നും സിദ്ധരാമയ്യ എക്സിൽ കുറിച്ചു.
2018 മാർച്ചിനും 2023 ജനുവരിക്കും ഇടയിൽ 12,008 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വിറ്റഴിച്ചു. ഇതുവഴി ബി.ജെ.പി വൻതോതിൽ പണം സമാഹരിച്ചു. 5,272 കോടി ബി.ജെ.പിയുടേതാണ്. ഈ പണം ബിസിനസുകാർ സ്വമേധയാ നൽകിയതല്ല. അവരെ ഭീഷണിപ്പെടുത്തി ഉണ്ടാക്കിയതായിരിക്കും. കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പാണ് അദാനി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.