ചാമരാജ്പേട്ട് ഈദ്ഗാഹ് മൈതാനിയിൽ നടന്ന ബലിപെരുന്നാൾ നമസ്കാരത്തിൽനിന്ന്
ബംഗളൂരു: സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി പരസ്പരം സ്നേഹവും സന്തോഷവും പകർന്ന് മുസ്ലിം വിശ്വാസികൾ തിങ്കളാഴ്ച ബലിപെരുന്നാൾ ആഘോഷിച്ചു.
ബംഗളൂരുവിൽ ചാമരാജ്പേട്ട് ഈദ്ഗാഹ് മൈതാനിയിലും ഖുദ്ദൂസ് സാഹിബ് മസ്ജിദിലും മൈസൂരുവിലും നടന്ന പെരുന്നാൾ നമസ്കാരത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇതിനുപുറമെ, മലയാളി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വിവിധ മഹല്ലുകൾ കേന്ദ്രീകരിച്ച് ഈദ്ഗാഹുകളിലും മസ്ജിദുകളിലുമായി പെരുന്നാൾ നമസ്കാരം നടന്നു.
ചാമരാജ്പേട്ട് ഈദ്ഗാഹ് മൈതാനിയിൽ നടന്ന ബലിപെരുന്നാൾ ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഹസ്തദാനം ചെയ്യുന്ന ബാലൻ
തക്ബീർ ധ്വനികളുയർന്ന അന്തരീക്ഷത്തിൽ ലോകമെമ്പാടുമുള്ള ജനതക്കായി വിശേഷിച്ചും ഫലസ്തീൻ ജനതക്കായി പ്രാർഥനകളുയർന്നു. നമസ്കാരത്തിനുശേഷം പരസ്പരം ആശ്ലേഷിച്ച് പെരുന്നാൾ ആശംസ നേർന്നു. ചാമരാജ് പേട്ട് ഈദ്ഗാഹ് മൈതാനിയിൽ നടന്ന ബലിപെരുന്നാൾ നമസ്കാരത്തിൽ പതിവുപോലെ മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്തു.
ബംഗളൂരു: ബലിപെരുന്നാൾ ദിനത്തിൽ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിദ്വായി കാൻസർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിലുമാണ് പഴങ്ങളും ബിരിയാണിയും വിതരണം ചെയ്തത്. ഹോസ്പിറ്റലിൽ പ്രഫസർ ഡോ. ഇബ്രാഹിം ഖലീലിന്റെ നേതൃത്വത്തിലായിരുന്നു ഫ്രൂട്ട്സ് വിതരണത്തിന് സൗകര്യമൊരുക്കിയിരുന്നത്. വി.കെ. നാസർ യശ്വന്തപുര, നാസർ നീലസാന്ദ്ര, റഷീദ് മൗലവി, എം.കെ. റസാഖ്, ഫസൽ മാറത്തഹള്ളി, അബ്ദുള്ള പാറായി, ജംഷീർ ശിവാജി നഗർ, റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി. കെ.ആർ പുരം ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബലിപെരുന്നാൾ ദിവസം ഉദയനഗരിലെ കുടുംബാശ്രമത്തിലും കമ്മനഹള്ളിയിലെ റോഹിങ്ക്യൻ ക്യാമ്പിൽ താമസിക്കുന്നവർക്കും ഭക്ഷണം വിതരണം ചെയ്തു. ഏരിയ കമ്മിറ്റി ഭാരവാഹികളായ ഫൈസൽ കെ.ആർ പുരം, യൂസുഫ്, ഷമീർ, ഫൈസൽ, സുധീർ, ഫൈറൂസ്, ഫായിസ്, നാസർ തുടങ്ങിയവർ നേതൃത്വം നൽകി.
സഹായ വിതരണത്തിൽ പങ്കെടുത്ത ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റി സേവകർ
സാന്ത്വനമേകി എസ്.വൈ.എസ്
എസ്.വൈ.എസ് ബാംഗ്ലൂർ സാന്ത്വനം കമ്മിറ്റി സന്നദ്ധ സേവകർ
ബംഗളൂരു: ബലിപെരുന്നാളാഘോഷത്തിന്റെ തിരക്കുകൾക്കിടയിലും കാൻസർ രോഗികളെ ചേർത്ത് പിടിച്ച് ബംഗളൂരു ജില്ല എസ്.വൈ.എസ് കമ്മിറ്റി. കിദ്വായി കാൻസർ സെന്ററിലെ രോഗികൾക്ക് എസ്.വൈ.എസ് സാന്ത്വനത്തിന് കീഴിൽ പഴകിറ്റുകൾ വിതരണം ചെയ്തു. അബ്ദുറഹിമാൻ ഹാജി അൾസൂർ, അനസ് സിദ്ദീഖി, ശംസുദ്ദീൻ അരീക്കരെ, ഇബ്രാഹിം സഖാഫി പയോട്ട, ഹബീബ് നൂറാനി, താജുദ്ദീൻ ഫാളിലി, ശംസുദ്ദീൻ അസ്ഹരി, ഷുക്കൂർ ഹാജി, ഫിർദൗസ്, റസാഖ്, ശിഹാബ് മടിവാള തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.