ബംഗളൂരു: രാജ്യം മുഴുവൻ സ്വാതന്ത്ര്യ ദിനാഘോഷ പുലരിയിലേക്ക്. കർണാടകയുടെ ഔദ്യോഗിക ആഘോഷ ചടങ്ങുകൾ ബംഗളൂരു നഗരത്തിലെ എം.ജി റോഡ് സാം മനേക് ഷാ പരേഡ് മൈതാനത്ത് നടക്കും. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നഗരത്തിൽ പ്രധാനപ്പെട്ടയിടങ്ങളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
3000 പൊലീസുകാർ നഗരത്തിന് കാവലേകും. പരേഡ് മൈതാനത്ത് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ പതാക ഉയർത്തുന്നതോടെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാവും. എൻ.സി.സി, സ്കൗട്ട്, പൊലീസ്, സൈനിക വിഭാഗങ്ങളുടെ മാർച്ച് പാസ്റ്റ്, കുട്ടികളുടെയും നാടൻ കലാകാരന്മാരുടെയും സാംസ്കാരിക നൃത്താവതരണങ്ങൾ, സൈനികരുടെ അഭ്യാസ പ്രകടനം തുടങ്ങിയവ ആഘോഷത്തിന് മേമ്പൊടിയേകും. എല്ലാ സർക്കാർ ഓഫിസുകളിലും സ്കൂൾ, കോളജുകളിലും മറ്റു സ്ഥാപനങ്ങളിലും രാവിലെ പതാക ഉയർത്തും. മലയാളി സംഘടനകൾക്ക് കീഴിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.
ബംഗളൂരു: സംസ്ഥാനതല സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ നടക്കുന്ന സാം മനേക് ഷാ പരേഡ് മൈതാനത്തിന് സമീപം രാവിലെ ആറുമുതൽ 11 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബംഗളൂരു ട്രാഫിക് പൊലീസ് അറിയിച്ചു. പരേഡ് കാണാനെത്തുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ ശിവാജി നഗറിലെ ബി.എം.ടി.സി ബസ്സ്റ്റാൻഡിലെ പാർക്കിങ് ടെർമിനലിൽ നിർത്തിയിടണം.
പരിപാടിയിൽ പങ്കെടുക്കുന്നവരുമായെത്തുന്ന ബി.എം.ടി.സി ബസുകൾ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം പാർക്ക് ചെയ്യണം. എം.ജി റോഡിൽ അനിൽ കുംബ്ലെ സർക്കിൾ മുതൽ ക്വീൻസ് സർക്കിൾ വരെയും കബൺ റോഡിൽ സി.ടി.ഒ സർക്കിൾ മുതൽ കെ.ആർ റോഡ്- കബൺ റോഡ് ജങ്ഷൻ വരെയും സെൻട്രൽ സ്ട്രീറ്റ് മുതൽ അനിൽ കുംബ്ലെ സർക്കിൾ വരെയും ഗതാഗതം നിരോധിച്ചിട്ടുണ്ട്.
ബംഗളൂരു: ഹോർട്ടികൾചർ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലാൽബാഗിൽ നടക്കുന്ന സ്വാതന്ത്ര്യ ദിന പുഷ്പമേളയിൽ വ്യാഴാഴ്ച കൂടുതൽ സന്ദർശകരെത്തും. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ജീവിതവും സംഭാവനകളും പ്രമേയമാക്കിയ പുഷ്പമേളയിൽ ഇതുവരെ ലക്ഷത്തിലേറെ പേരാണ് സന്ദർശകരായെത്തിയത്. 19ന് സമാപിക്കുന്ന മേളയിൽ ആകെ 12 ലക്ഷത്തോളം സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യമുക്ത വേദിയായ മേളയിൽ 200 സന്നദ്ധ വളണ്ടിയർമാർ സേവനമനുഷ്ഠിക്കും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മേളയിൽ 136 സി.സി.ടി.വികളും സ്ഥാപിച്ചിട്ടുണ്ട്.
ബംഗളൂരു: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വൈറ്റ്ഫീൽഡ് ശ്രീസരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ കുട്ടികളുടെ കന്നട മാസ പത്രിക തൊദൽനുടിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച സംസ്ഥാനതല ചിത്രരചന മത്സരം നടത്തും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി കളർ/പെൻസിൽ ഇനങ്ങളിലാണ് മത്സരം. ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് നാലുവരെയാണ് മത്സരം. വൈകീട്ട് 4.30ന് സ്വാതന്ത്ര്യദിനാഘോഷം നടക്കും. ഫലപ്രഖ്യാപനവും സമ്മാന വിതരണവും ചടങ്ങിൽ നടക്കും. 24 വർഷം ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിച്ച് വിരമിച്ച പി. രാജനെ ആദരിക്കും.
ബംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും കുടുംബസംഗമവും വ്യാഴാഴ്ച നടക്കും.
ദൊംലൂർ ഹോട്ടൽ കേരള പവലിയനിൽ നടക്കുന്ന ആഘോഷത്തിൽ വൈസ് പ്രസിഡന്റ് പ്രഭാകരൻ നായർ അധ്യക്ഷതവഹിക്കും. കുട്ടികൾക്കായി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തുമെന്ന് സെക്രട്ടറി ടി.എ. അനിൽകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.