ബംഗളൂരു: ഹുബ്ബള്ളി നഗരത്തിൽ പേപ്പട്ടിയുടെ കടിയേറ്റ് 80ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേ ലക്ഷണം കണ്ടതിനെത്തുടർന്ന് വളർത്തുനായെ ഉടമ അഴിച്ചുവിടുകയായിരുന്നു.
ഗോകുല റോഡിലെ അക്ഷയ് പാർക്ക് പരിസരത്താണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും കടിയേറ്റ 16 പേരുടെ നില ഗുരുതരമാണ്. പിടികൂടിയ നായുടെ കഴുത്തിൽ ചങ്ങലയും ബെൽറ്റും ഉള്ളതാണ് ഉടമ അഴിച്ചുവിട്ടതാണെന്ന സൂചന ലഭിച്ചത്.
തിരക്കേറിയ ഗോകുല റോഡിൽ തിങ്കളാഴ്ച വൈകീട്ടാണ് നായുടെ പരാക്രമമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. കണ്ടവരെയെല്ലാം കടിച്ച് പരക്കം പാഞ്ഞ നായെ പിന്നീട് പിടികൂടാനായി. വിദ്യാർഥികൾ, സ്ത്രീകൾ, വയോജനങ്ങൾ, ഫാക്ടറി തൊഴിലാളികൾ, കൂലിപ്പണിക്കാർ തുടങ്ങിയവർക്ക് കടിയേറ്റു. രക്തം പുരണ്ട വസ്ത്രങ്ങളിൽ കൂട്ടത്തോടെ എത്തിയവർ കിംസ് ആശുപത്രിയിൽ അസാധാരണ കാഴ്ചയായി.
ഹുബ്ബള്ളി-ധാർവാഡ് നഗരസഭ അധികൃതർക്കെതിരെ ആൾക്കൂട്ടം രോഷം പ്രകടിപ്പിച്ചു. ‘ഓഫിസിനടുത്ത് ബൈക്ക് നിർത്തിയ ഉടൻ ഭ്രാന്തൻ നായുണ്ടേ എന്ന് ആളുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.
മാറാൻ ശ്രമിക്കുന്നതിനിടെ നായ് പാഞ്ഞടുത്ത് കടിച്ചു’ -ആശുപത്രിയിൽ കഴിയുന്ന ഗംഗാധര കപലദിന്നി പറഞ്ഞു. മൈതാനത്ത് വോളിബാൾ കളിക്കുകയായിരുന്ന 10 പേരെ കടിച്ചശേഷമാണ് തനിക്കുനേരെ ആക്രമണമുണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.