ഭാരത് ജോഡോ യാത്രക്കിടെ ശിവകുമാറിന് വീണ്ടും ഇ.ഡി സമൻസ്

ബംഗളൂരു: 'ഭാരത് ജോഡോ യാത്ര'കർണാടകയിൽ പര്യടനം നടത്തുന്നതിനിടെ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് വീണ്ടും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) സമൻസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണിത്.

ഒക്ടോബർ ഏഴിന് ഇ.ഡി ഓഫിസിൽ എത്തണമെന്നാണ് നിർദേശം. നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി എത്താനാണ് സമൻസ് അയച്ചിരിക്കുന്നത്. നാഷനൽ ഹെറാൾഡിന്റെ ഉടമസ്ഥരായ യങ് ഇന്ത്യക്ക്, ഡി.കെ. ശിവകുമാറും സഹോദരൻ ഡി.കെ. സുരേഷ് എം.പിയും അംഗങ്ങളായ ട്രസ്റ്റ് നൽകിയ സംഭാവനകളുടെ ഉറവിടമാണ് ഇ.ഡി അന്വേഷിക്കുന്നത്.

കഴിഞ്ഞ മാസം 19ന് ശിവകുമാറിനെ ഇ.ഡി അഞ്ചുമണിക്കൂർ ചോദ്യം ചെയ്തിരുന്നു. 2018 ലാണ് ശിവകുമാറിന്‍റെ പേരിൽ ഇ.ഡി ആദ്യം കേസെടുത്തത്. 2017ൽ ആദായനികുതി വകുപ്പ് അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത എട്ടര കോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. തുടർന്ന് നടന്ന അന്വേഷണങ്ങൾക്കൊടുവിൽ 2019 ൽ ഇ.ഡി. ശിവകുമാറിനെ അറസ്റ്റ് ചെയ്തു.

50 ദിവസം തിഹാർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. ആ കേസിൽ കഴിഞ്ഞ മേയിൽ ഇ.ഡി ഡൽഹിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം നടത്തുന്നതിനിടെ ഇ.ഡി വീണ്ടും സമൻസ് അയച്ചിരിക്കുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് ആക്ഷേപമുണ്ട്.

യാത്രയുടെ സംസ്ഥാനത്തെ മുഖ്യസംഘാടകനാണ് ശിവകുമാർ. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബി.ജെ.പി ശ്രമമാണ് പിന്നിലെന്നും ശിവകുമാർ പ്രതികരിച്ചിരുന്നു.

ജോഡോ യാത്ര കർണാടകയിൽ എത്തുന്നതിന്‍റെ തലേന്ന് ശിവകുമാറിന്‍റെ വസതികളിലും മറ്റ് കേന്ദ്രങ്ങളിലും സി.ബി.ഐ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. രാമനഗര ജില്ലയിലെ ദൊഡ്ഡലഹള്ളി, കനകപുര, സന്തേകോടിഹള്ളി എന്നിവിടങ്ങളിലെ ശിവകുമാറിന്‍റെ വസതികളിൽ റെയ്ഡ് നടത്തിയ സി.ബി.ഐ സംഘം ബന്ധുക്കളോട് സ്വത്ത് സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്നും നിർദേശിച്ചിരുന്നു.സി.ബി.ഐയുടെ എഫ്.ഐ.ആറിനെതിരെ ശിവകുമാർ കർണാടക ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഇതിൽ മറുപടി നൽകാൻ കോടതിയോട് സി.ബി.ഐ സാവകാശം തേടി രണ്ട് ദിവസത്തിനു ശേഷമായിരുന്നു റെയ്ഡ്.

2020 ഒക്ടോബറിലാണ് സി.ബി.ഐ കേസെടുക്കുന്നത്. അതേസമയം, സ്വത്ത് സംബന്ധിച്ച എല്ലാ രേഖകളും തെരഞ്ഞെടുപ്പ് കമീഷൻ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ഐ.ടി വകുപ്പ് എന്നിവർക്ക് മുമ്പ് നൽകിയതാണെന്നാണ് ശിവകുമാറിന്‍റെ പ്രതികരണം. പാർട്ടി പരിപാടികൾ, തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങിയ തിരക്കിലാണെന്നും സമയം അനുവദിക്കണമെന്നും സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മാനസികമായി പീഡിപ്പിക്കുകയാണ് അന്വേഷണ സംഘങ്ങളുടെ ലക്ഷ്യമെന്നും ശിവകുമാർ പറയുന്നു. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.

Tags:    
News Summary - ED summons Shivakumar again during Bharat Jodo Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.