ബംഗളൂരു: സംസ്ഥാനത്ത് വൈദ്യുതിക്കരം ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിപ്പിക്കുമെന്ന് കര്‍ണാടക വൈദ്യുതി റെഗുലേറ്ററി കമീഷന് (കെ.ഇ.ആര്.സി). യൂനിറ്റിന് 36 പൈസ എന്ന നിരക്കിലാണ് വര്‍ധന. പെൻഷൻ, ഗ്രാറ്റുവിറ്റി ഇനത്തിൽ സർക്കാറിന്റെ വിഹിതം ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷൻ (കെ.ഇ.ആർ.സി) ഊർജ വിതരണ കമ്പനികള്‍ക്ക് (എസ്കോം) അനുവാദം നൽകിയതിന് പിന്നാലെയാണ് നടപടി.
പെൻഷൻ, ഗ്രാറ്റുവിറ്റി വിഹിതം 2026-2027, 2027-2028 സാമ്പത്തിക വര്‍ഷങ്ങളില്‍ ഉപഭോക്താക്കള്‍ യഥാക്രമം യൂനിറ്റിന് 35 പൈസ, 34 പൈസ എന്ന നിരക്കില്‍ നല്‍കണം. 200 യൂനിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് വര്‍ധന ബാധകമെന്നും ഗൃഹജ്യോതി പദ്ധതി പ്രകാരം 200 യൂനിറ്റ് വരെ സൗജന്യമായി വൈദ്യുതി ലഭിക്കുമെന്നതിനാല്‍ സാധാരണ ജനങ്ങളെ നിരക്ക് വര്‍ധന ബാധിക്കില്ലെന്നും മന്ത്രി ശരണ്‍ പ്രകാശ് പട്ടേല്‍ പറഞ്ഞു.
പാല്, വെള്ളം, ബസ്, മെട്രോ നിരക്കുകള്‍ എന്നിവയിലുള്ള വര്‍ധനക്ക് പുറമെ വൈദ്യുതിക്കരം കൂടി വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന ട്രഷറര്‍ ശാന്തി കുമാര്‍ എക്സില്‍ കുറിച്ചു. കര്‍ണാടക ഹൈകോടതിയുടെ നിര്‍ദേശപ്രകാരം കര്‍ണാടക പവര്‍ ട്രൻസ്മിഷന് കോർപറേഷന് ലിമിറ്റഡിലെയും ഊര്‍ജ വിതരണ കമ്പനിയിലെയും തൊഴിലാളികള്‍ക്ക് അവരുടെ പെൻഷൻ, ഗ്രാറ്റുവിറ്റി എന്നിവ നല്‍കുന്നതിനായാണ് നിരക്ക് വര്‍ധനയെന്ന് വൈദ്യുതി മന്ത്രി കെ.ജി. ജോര്‍ജ് പറഞ്ഞു.
2025-2026 വര്‍ഷങ്ങളില്‍ 2,812.83 കോടിയും 2026-2027, 2027-2028 വര്‍ഷങ്ങളില്‍ യഥാക്രമം 2,845.75, 2,860.97 കോടിയും കുടിശ്ശികയിനത്തില്‍ ഉപഭോക്താക്കളില്‍നിന്ന് സ്വീകരിക്കാന്‍ കെ.ഇ.ആര്.സി തീരുമാനിച്ചു. ഇനി മുതൽ പി ആൻഡ് ജി ചാർജുകൾ വൈദ്യുതി ബില്ലിന്റെ ഭാഗമാകുമെന്ന് എഫ്.കെ.സി.സി.ഐ എനർജി കമ്മിറ്റി ഉപദേഷ്ടാവ് എം.ജി. പ്രഭാകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.