ബംഗളൂരു: കർണാടകയിൽ അതിസുരക്ഷ നമ്പർ പ്ലേറ്റ് (എച്ച്.എസ്.ആർ.പി) സ്ഥാപിക്കുന്നതിനുള്ള സമയപരിധി സർക്കാർ ഈ മാസം 30 വരെ നീട്ടി.
സംസ്ഥാനത്ത് രണ്ട് കോടിയിലേറെ വാഹനങ്ങളുള്ളതിൽ 52 ലക്ഷം വാഹനങ്ങൾ മാത്രമാണ് ഇതുവരെ അതിസുരക്ഷ നമ്പർ പ്ലേറ്റ് സ്ഥാപിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയത്. 2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ 2023 നവംബർ 17ന് മുമ്പ് അതിസുരക്ഷ നമ്പർ പ്ലേറ്റ് സ്ഥാപിക്കണമെന്നായിരുന്നു നിർദേശം.
എന്നാൽ, വാഹന ഉടമകൾ ഇത് ഗൗരവത്തിലെടുക്കാത്തതിനാൽ നാലുതവണ സമയപരിധി നീട്ടുകയായിരുന്നു. നമ്പർ പ്ലേറ്റ് സ്ഥാപിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്നാണ് പുതിയ അറിയിപ്പ്. ഒരു തവണ പിടിക്കപ്പെട്ടാൽ 500 രൂപയും ഒന്നിലേറെ തവണ പിടിക്കപ്പെട്ടാൽ 1000 രൂപയുമാണ് സർക്കാർ നിശ്ചയിച്ച പിഴ.
പഴയ വാഹനങ്ങളിൽ അതിസുരക്ഷ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിനെതിരെയുള്ള ഹരജികൾ കർണാടക ഹൈകോടതിയുടെ പരിഗണനയിലുണ്ട്. ഇത് എല്ലാ സംസ്ഥാനങ്ങളിലും ബാധകമാണെങ്കിലും എന്നു മുതൽ നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.
നമ്പർ പ്ലേറ്റ് നിർമാതാക്കളുടെ സംഘടന നൽകിയ ഹരജിയിൽ വാദം കേൾക്കുന്നത് ഹൈകോടതി നവംബർ 20ലേക്ക് മാറ്റിയിരുന്നു. കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് നിലവിൽ 14 കമ്പനികൾക്ക് മാത്രമാണ് അതിസുരക്ഷ നമ്പർ പ്ലേറ്റ് നിർമിക്കുന്നതിന് ലൈസൻസുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.