ബംഗളൂരു: കർണാടകയിൽ താമസിക്കുന്ന എല്ലാവരും കന്നട ഭാഷ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കന്നട ജനകീയവത്കരിക്കാനുള്ള നടപടികൾ ഉണ്ടാകണം. സംസ്ഥാനം രൂപവത്കരിച്ച് 68 വർഷം പിന്നിട്ടിട്ടും ഭാഷയുടെ വളർച്ചക്ക് അനുകൂലമായ സാഹചര്യം ഉണ്ടായിട്ടില്ല.
മൈസൂരു സംസ്ഥാനം എന്ന പേരുമാറി കർണാടക എന്ന പേര് സ്വീകരിച്ചതിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് കന്നട സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ഇതര സംസ്ഥാനക്കാർ കർണാടകയിൽ സ്ഥിരതാമസമുണ്ട്. ഇവരിൽ പലർക്കും കന്നട അറിയില്ല. കന്നടക്കാർ ഇത്തരക്കാരെ കന്നടഭാഷ പഠിപ്പിക്കണം. അതിന് ആദ്യമായി കന്നടക്കാർ മറ്റുള്ളവരുടെ ഭാഷ മനസ്സിലാക്കേണ്ടതുണ്ട്. കന്നട ഭാഷ ഒഴിവാക്കാൻ പറ്റാത്ത ഭാഷയാകാൻ പറ്റിയ അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടാക്കണം.
വർഷങ്ങളായി ഇവിടെ താമസിക്കുന്നവർ കന്നട നിർബന്ധമായും പഠിക്കണം. പലയിടത്തും ഇത്തരം ആളുകൾ കന്നട തീരെ സംസാരിക്കുന്നില്ല. കന്നടിഗരുടെ വിശാലമനസ്കത മൂലമാണ് ഇത്. ഏറെ വർഷങ്ങളായി കർണാടകയുടെ ഔദ്യോഗിക ഭാഷ കന്നടയാണ്. എന്നാൽ, ഭരണതലത്തിൽ ഇത് നടപ്പാക്കാത്തത് ഭാഷയോടുള്ള അവഗണന മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.