ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാറിനെ മറിച്ചിടാൻ 50 കോൺഗ്രസ് എം.എൽ.എമാർക്ക് ബി.ജെ.പി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്ന ആരോപണത്തിന് പിന്നാലെ ഓഫർ ഇരട്ടിയായിരുന്നെന്ന അവകാശവാദവുമായി കോൺഗ്രസ് എം.എൽ.എമാർ രംഗത്ത്. മാണ്ഡ്യയിൽ നിന്നുള്ള എം.എൽ.എ രവികുമാർ ഗൗഡ (രവി ഗണിഗ), കിറ്റൂർ എം.എൽ.എ ബാബസാഹെബ് ഡി. പാട്ടീൽ എന്നിവരാണ് തിങ്കളാഴ്ച മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
കർണാടകയിലെ കോൺഗ്രസ് സർക്കാറിനെ മറിച്ചിടാൻ 50 കോൺഗ്രസ് എം.എൽ.എമാർക്ക് ബി.ജെ.പി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യാഴാഴ്ച ആരോപിച്ചിരുന്നു. ബി.ജെ.പിയുടെ വാഗ്ദാനം കോൺഗ്രസിന്റെ ഒരു എം.എൽ.എ പോലും അംഗീകരിച്ചില്ലെന്നും അതുകൊണ്ടാണ് ബി.ജെ.പി ഇപ്പോൾ തനിക്കെതിരേ വ്യാജ കേസുകൾ നൽകുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
‘ഓപറേഷൻ ലോട്ടസിലൂടെ’ രാഷ്ട്രീയ കുതിരക്കച്ചവടത്തിനാണ് ബി.ജെ.പി ശ്രമിച്ചതെന്ന് ശിവകുമാറും ആരോപിച്ചു. ആരോപണം തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര അതിന്റെ ഉറവിടം വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ ഈ വെല്ലുവിളി കൂടി നേരിടാനുള്ള തെളിവുകൾ കൈയിലുണ്ടെന്ന് രവി ഗണിഗ എം.എൽ.എ പറഞ്ഞു. ഉചിത സമയത്ത് ഇവ മാധ്യമങ്ങൾക്ക് നൽകും. വിഡിയോ, ഓഡിയോ, ഏതെല്ലാം ഹോട്ടൽ, ഏതെല്ലാം വിമാനത്താവളം തുടങ്ങിയ തെളിവുകൾ ഉണ്ട്. കേന്ദ്രത്തിൽ നിന്നാണ് ഇത്തരം കുതിരക്കച്ചവടത്തിന് പണം ലഭിക്കുന്നത്. ജെ.ഡി.എസും ഇതിന്റെ ഭാഗമാണ്. താൻ ഉൾപ്പെടെ 50 എം.എൽ.എമാരും അവരുടെ പണത്തിന് വഴങ്ങിയില്ലെന്ന് ഗണിഗ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.