ബംഗളൂരു: ' ഫോർകാസ്റ്റ്: ദ അൺ പ്രഡിക്ടബിൾ' എന്ന പേരിൽ നാല് മലയാളി ചിത്രകാരികളുടെ ചിത്രപ്രദർശനം കർണാടക ചിത്രകലാ പരിഷത്തിൽ ആരംഭിച്ചു. പ്രിയജ മന്നത്ത്, ഷാന ഗോകുൽ, ലക്ഷ്മി സുനന്ദ്, വി.സി. സീമ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. വിവിധ വർണങ്ങളിൽ ചാലിച്ച് ഈ കലാകാരികൾ ഒരുക്കുന്ന ചിത്രങ്ങൾ ജീവകാരുണ്യ വഴിയിൽ സാന്ത്വനമാവും.
കാൻസർ ബാധിതർക്കായി പ്രവർത്തിക്കുന്ന ആർട്ട് കാൻ കെയറിന് വേണ്ടിയാണ് ചിത്രപ്രദർശനം. കാൻസർ ബാധിതരുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ 'Know Cancer, No Cancer' (കാൻസറിനെ അറിയാം, കാൻസറിനോട് വിട) എന്ന മുദ്രാവാക്യവുമായി കേരള ലളിത കലാ അക്കാദമി വൈസ് ചെയർമാൻ എബി. എൻ. ജോസഫ് സ്ഥാപിച്ചതാണ് ആർട്ട് കാൻ കെയർ. എബി. എൻ. ജോസഫിന്റെ ശിഷ്യർ കൂടിയാണ് ഈ നാല് കലാകാരികളും. ഇതിനുപുറമെ, പൊതുജനങ്ങൾക്കിടയിൽ കാൻസർ പ്രതിരോധ രീതികളെയും ചികിത്സാ നടപടികളെയും കുറിച്ചുള്ള ബോധവത്കരണ പരിപാടികളും ആർട്ട് കാൻ കെയർ സംഘടിപ്പിക്കുന്നുണ്ട്. ' ഫോർകാസ്റ്റ്: ദ അൺ പ്രഡിക്ടബിൾ' ചിത്രപ്രദർശനത്തിലൂടെ ലഭിക്കുന്ന തുക കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുമെന്ന് അവർ പറഞ്ഞു.
കുമാരകൃപ റോഡിലെ കർണാടക ചിത്രകലാ പരിഷത്തിൽ ചൊവ്വാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ എബി. എൻ. ജോസഫ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രകൃതി, സംഗീതം, അനുഷ്ഠാനം, എന്നീ പ്രമേയങ്ങളിലുള്ള ഒരു യാത്രയും അതിന്റെ സ്ത്രീപക്ഷ ലാവണ്യവും വ്യാഖ്യാനിക്കപ്പെടുകയാണ് ഈ ചിത്രങ്ങളിൽ. ചിത്രകലാ പരിഷത്തിലെ ഒന്ന്, രണ്ട് ഗാലറികളിൽ നടക്കുന്ന പ്രദർശനത്തിൽ 40 ലേറെ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രകൃതിയിൽനിന്ന് കടംകൊള്ളുന്നവയാണ് ഷാനയുടെയും ലക്ഷ്മിയുടെയും ചിത്രങ്ങൾ. മനോഹര വർണങ്ങളിൽ ചാലിച്ച പ്രകൃതി ദൃശ്യങ്ങളാണ് ഇവരുടെ ചിത്രങ്ങളിൽ നിറയുന്നത്.
പ്രിയജയുടെയും സീമയുടെയും ചിത്രങ്ങൾ സമൂഹത്തിന്റെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്നു. മനുഷ്യ ജീവിതവും നാടൻ കലകളും അനുഷ്ഠാനവുമെല്ലാം ഇതിൽ കടന്നുവരുന്നു. കണ്ണൂർ സ്വദേശികളാണ് പ്രിയജയും സീമയും. ദേശ സ്വാധീനമെന്ന് പറയാം, ഇവരുടെ ചിത്രങ്ങളിൽ തെയ്യങ്ങളും കോലങ്ങളും വിവിധ ഭാവങ്ങളിൽ നിറയുന്നു. പ്രിയജ ബംഗളൂരു വിദ്യാരണ്യപുരയിലും ഷാന ബന്നാർഘട്ട റോഡിലും ലക്ഷ്മി മാറത്തഹള്ളിയിലുമാണ് താമസിക്കുന്നത്. സീമ കണ്ണുർ മട്ടന്നൂർ സ്വദേശിനിയും ഇരിക്കൂർ ഗവ. സ്കൂളിലെ അധ്യാപികയുമാണ്. രാവിലെ 11 മുതൽ വൈകീട്ട് ഏഴുവരെയാണ് ചിത്ര പ്രദർശനം. ഒക്ടോബർ 30 ന് സമാപിക്കും. ആർട്ട് കാൻ കെയറുമായി artcancare@outlook.com വിലാസത്തിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.